സമകാലിക വാസ്തവങ്ങളുമായി യുവ കവിയത്രി രശ്മിപ്രദീന്റെ കവിത: “മൗനത്തിലാണു ഞാന്‍”
⇓രശ്മി പ്രദീപ് 〉
♦ സ്വാര്‍ത്ഥചിന്തയാല്‍ മൗനത്തിലാണ്ടവര്‍
ശത്രു പോലന്ന്യജീവനെ കാണവേ
ശക്തിപോരെന്ന സ്വചിന്തയാലെ ഞാന്‍
മാറിനിന്നെന്നുമശ്രു പൊഴിച്ചിടും!
♦ മാന്യരായുള്ള മാനുഷരൊക്കെയും
ബോധമണ്ഡലം തകര്‍ന്നതിന് സമം
മോഹമേറെ മനസ്സില്‍ നിറച്ചെന്നും
മാറിനില്ക്കയാണെന്നതു വാസ്തവം!
♦ പാറി നടന്നിടും പ്രായത്തിലായിളം
മേനികൊത്തി ജീവനെടുത്തിടാന്
കാത്തു നില്ക്കുന്ന കാലന്റെ മക്കളെ
നിയമപാലകര്‍ രക്ഷിച്ചു പോരുമേ!
♦ എന്തു കഷ്ടമാണീ ലോകചേഷ്ടകള്
എന്നു ഹൃത്തടം മെല്ലെ മൊഴിഞ്ഞാലും
തീവ്രദുഃഖം കടിച്ചമര്ത്തീടുവാന്
മൂകമായിരിക്കുകയാണു ഞാന്‍!
♦ മദ്യലഹരിയില്‍ മാനം കവര്‍ന്നിടാന്‍
ഇനിയുമെത്താതെയീ ക്രൗര്യവര്ഗ്ഗത്തെ
കുരുതികൊടുത്തിടാമീ ലോകരക്ഷയ്ക്കായ്
അതിനുവേണ്ടി നാമൊന്നായിടാം!