തിരുവനന്തപുരം: പുതിയ പൊലിസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയമോപദേശം തേടി. യുപിഎസ്സി കൈമാറിയ മൂന്ന് പേരുടെ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഒരു ഉദ്യോഗസ്ഥന് ചുമതല നൽകാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് നിയമോപദേശം തേടിയത്. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന ഡിജിപിമാരുണ്ട്. ഈ സംസ്ഥാനങ്ങളിലെ നടപടികൾ എങ്ങനെയെന്നതും സർക്കാർ പരിശോധിക്കുന്നുണ്ട്.
പുതിയ പൊലീസ് മേധാവിയെ നിയമിക്കാൻ സർക്കാരിന് മുന്നിൽ അധികം സമയമില്ല. ഈ മാസം 30 ന് നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബ് സ്ഥാനമൊഴിയും. അന്ന് തന്നെ പുതിയ മേധാവി സ്ഥാനമേൽക്കണം. തിങ്കളാഴ്ച ഓൺലൈനായി ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.
സംസ്ഥാന കേഡറിലുള്ള മൂന്ന് മുതിർന്ന ഡിജിപിമാരായ നിതിൻ അഗർവാള്‍, റാവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരുടെ പേരാണ് ചുരുക്കപ്പട്ടികയിലുള്ളത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റാവഡ ചന്ദ്രശേഖറിനെ തെരഞ്ഞെടുത്താൽ സ്ഥാനമേൽക്കുന്നത് വൈകാൻ സാധ്യതയുണ്ട്. കേന്ദ്ര സർവ്വീസിൽ നിന്ന് ഒഴിയാനുള്ള ഉത്തരവിറങ്ങിയ ശേഷമേ സംസ്ഥാനത്ത് ചുമതലയേൽക്കാൻ കഴിയൂകയുള്ളൂ. അതേ സമയം വരുന്ന ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ കണ്ണൂർ റെയ്ഞ്ച് അവലോകന യോഗമുള്ളതിനാൽ വിരമിക്കുന്ന പൊലീസ് മേധാവിക്ക് ഐപിഎസ് അസോസിയേഷൻ തിങ്കളാഴ്ച വൈകുന്നേരം നൽകാനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റി. ഞായറാഴ്ച വൈകുന്നേരം ഷെയ്ക്ക് ദർവേസ് സാഹിബിന് ഐപിഎസ് അസോസിയേഷൻ യാത്രയയപ്പ് നൽകും.