തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുമുള്ള ഇന്റിമേഷനുമായി ആശുപത്രി ജീവനക്കാര്‍ ഇനി മുതല്‍ പൊലീസ് സ്റ്റേഷന് കയറിയിറങ്ങേണ്ടതില്ല. ഇ മെയില്‍ വഴി ഇന്റിമേഷന്‍ സ്റ്റേഷനിലേയ്ക്ക് അയച്ചു കൊടുക്കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് നടപടി സ്വീകരിച്ചതോടെയാണ് വര്‍ഷങ്ങളായുള്ള പതിവിന് പരിസമാപ്തിയായിരിക്കുന്നത്. ഇനി മുതല്‍ ഇന്റിമേഷന്‍ നേഴ്സിംഗ് സൂപ്രണ്ട് ഓഫീസില്‍ നിന്നും സ്കാന്‍ ചെയ്ത് ഇ മെയില്‍ വഴി പൊലീസ് സ്റ്റേഷനിലെത്തിക്കും. ആശുപത്രിയില്‍ രോഗികള്‍ മരിക്കുന്ന സന്ദര്‍ഭങ്ങളിലും മാന്‍ മിസിംഗ് ഉള്‍പ്പെടെ പൊലീസിനെ വിവരം അറിയിക്കേണ്ട സാഹചര്യങ്ങളിലെല്ലാം ഇന്റിമേഷനുമായി ജീവനക്കാര്‍ മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെത്തുകയാണ് പതിവ്. മരണ വിവരങ്ങള്‍ അറിയിക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ തവണ ഇന്റിമേഷന്‍ കൈമാറുന്നത്. രാത്രികാലങ്ങളില്‍ പോലും പലപ്പോഴും വനിതാ ജീവനക്കാര്‍ക്കു വരെ ഇന്റിമേഷന്‍ സ്റ്റേഷനിലെത്തിക്കേണ്ടി വരും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ തീരുമാനം ആശുപത്രി ജീവനക്കാര്‍ക്കു മാത്രമല്ല, പൊലീസുകാര്‍ക്കും ആശ്വാസമേകിയിരിക്കുകയാണ്.