തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി. പ്രത്യേക ദിവസങ്ങളില്‍ ചിലസ്ഥാപനങ്ങള്‍ തുറക്കാനാണ് അനുമതി. എയര്‍ കണ്ടീഷന്‍, ഫാന്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, കണ്ണടകള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവാദം നല്കി. എയര്‍ കണ്ടീഷന്‍, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെ തുറക്കാനാണ് അനുവാദം. എന്നാല്‍ കടകളില്‍ പരമാവധി മൂന്ന് ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. കണ്ണട കടകള്‍ തിങ്കളാഴ്ചകളില്‍ രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ തുറക്കാം. കടകളില്‍ രണ്ട് ജീവനക്കാരില്‍ കൂടുതല്‍ പാടില്ല.
കളിമണ്‍ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ഒരു വര്‍ഷത്തേക്കുള്ള മണ്ണ് സംഭരിക്കാനുള്ള കാലമായതിനാല്‍ ജോലിക്കാരെ പരമാവധി കുറച്ച് ഇത് ചെയ്യാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികള്‍ക്ക് വീടുകളില്‍ അസംസ്കൃത വസ്തുക്കള്‍ എത്തിക്കുന്നതിനും തെറുത്ത ബീഡികള്‍ ശേഖരിച്ച് പൊതുകേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പരമാവധി ജീവനക്കാരെ കുറച്ച് ഈ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.