തിരുവനന്തപുരം: പുലയനാർകോട്ടയിൽ ആരംഭിച്ച സര്‍ക്കാര്‍ മേഖലയിലെ രാജ്യത്തെ ആദ്യ ഡെന്റല്‍ ലബോറട്ടറിയുടെ ഉദ്ഘാടനം ആഗസ്റ്റ് 25 ന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ഓൺലൈനിൽ നിർവഹിക്കും.
ലബോറട്ടറിയ്ക്കു വേണ്ടി സർക്കാർ അനുവദിച്ച പത്തു പുതിയ തസ്തികകൾ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു. 1.30 കോടി രൂപയാണ് സര്‍ക്കാര്‍ ഈ ലാബിനായി വിനിയോഗിച്ചത്. ഡെന്റല്‍ മെക്കാനിക്ക് ഗ്രേഡ്-1ല്‍ ഒരു തസ്തികയും ഡെന്റല്‍ മെക്കാനിക്ക് ഗ്രേഡ്-2 ല്‍ 5 തസ്തികകളും കാഷ്വല്‍ സ്വീപ്പര്‍, സെക്യൂരിറ്റി വിഭാഗങ്ങളില്‍ രണ്ട് വീതം തസ്തികകളുമാണ്
ലബോറട്ടറിയിലേക്ക് അനുവദിച്ചിട്ടുള്ളത്.
ഡെന്റല്‍ കോളേജിലെ കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി വിഭാഗം മേധാവിയുടെ കീഴിലാണ് ഡെന്റല്‍ ലാബ് സജ്ജമാക്കിയിരിക്കുന്നത്. ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്ഥാപിച്ചു കഴിഞ്ഞു.
ലബോറട്ടറി നാടിന് സമർപ്പിക്കുന്നതോടെ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചു വന്നിരുന്ന കൃത്രിമ പല്ല് നിർമ്മാണം പൂർണമായും പുതിയ ലാബിൽ ചെയ്യാനാകും. ഡെന്റല്‍ ലബോറട്ടറിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്കി പ്രത്യേക ഫണ്ട് ലഭ്യമാക്കിയതുകൊണ്ട് മാത്രമാണ് ഈ സ്ഥാപനം അതിവേഗം പൂര്‍ത്തിയായത്. നിലവില്‍ ഡെന്റല്‍ ചികിത്സാരംഗവുമായി ബന്ധപ്പെട്ട ക്രൗണ്‍, ബ്രിഡ്ജ്, ഇന്ലെ, ഓണ്‍ലെ തുടങ്ങിയ ലാബ് വര്‍ക്കുകള്‍ പൂര്‍ണമായും സ്വകാര്യ ലാബുകളെ ആശ്രയിച്ചാണ് നടത്തിവരുന്നത്. നിർധനരായ രോഗികൾക്ക് ഈ ചികിത്സകൾ ഡെന്റൽ ലാബിലൂടെ പൂര്‍ണമായും സൗജന്യമായി ലഭ്യമാകും. ലാബിന്റെ പ്രവര്‍ത്തനം പഠന-ഗവേഷണ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഗുണപ്രദവും രോഗികള്‍ക്ക് ആശ്വാസമേകുന്നതുമാണ്. ഡെന്റൽ കോളേജിന്റെ വജ്രജൂബിലി ആഘോഷവേളയില്‍ തന്നെ ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചറുടെ അകമഴിഞ്ഞ സഹായവും ഇടപെടലും കൊണ്ട് നിശ്ചിതസമയത്തിനുള്ളില്‍ തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ലാബിലേക്ക് വേണ്ട എല്ലാ ആധുനിക ഉപകരണങ്ങളും ലഭ്യമാക്കുകയും ചെയ്തു. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ അനിറ്റാ ബാലൻ, കൺസർവേറ്റീവ് ഡെൻട്രിസ്റ്റി വിഭാഗം മുൻ മേധാവി ഡോ സാം ജോസഫ്, നിലവിലെ മേധാവി ഡോ മാലി ജി നായർ എന്നിവരുടെ വിശ്രമമില്ലാത്ത പ്രവർത്തനവും ഏകോപനവും കൊണ്ടാണ് ലാബിന്റെ പ്രവർത്തനം എത്രയും വേഗം പൂർത്തീകരിക്കാനായത്.
ചൊവ്വാഴ്ച പകൽ 12.30ന് നടക്കുന്ന ചടങ്ങിൽ സഹകരണ – ടൂറിസം ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. ഡോ ശശി തരൂർ എം പി, മേയർ കെ ശ്രീകുമാർ, ആരോഗ്യ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ഡോ രാജൻ ഖോബ്രഗഡെ ഐ എ എസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ എ റംലാബീവി, ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ അനിറ്റാ ബാലൻ എന്നിവർ പങ്കെടുക്കും.


