കാക്കനാട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓക്സിജന്‍ ചലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ച് മാതൃകയായി എറണാകുളം ജില്ലാ പഞ്ചായത്ത്. ജില്ലയിലെ ഓക്സിജന്‍ ബെഡുകളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനായാണ് ഓക്സിജന്‍ ചലഞ്ച് പദ്ധതിയെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. പദ്ധതി പ്രകാരം ആയിരം ഓക്സിജന്‍ ബെഡുകള്‍ തയ്യാറാക്കും. ഇതിനായി ആദ്യ ഘട്ടത്തില്‍ ഒരു കോടി രൂപ ചിലവഴിക്കുവാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് അടിയന്തിര യോഗം തീരുമാനിച്ചു.
ജില്ലയിലെ പ്രധാന സിഎഫ്എല്‍ടിസികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മറ്റമായാണ് ഓക്സിജന്‍ ബെഡുകള്‍ ഒരുക്കുക. ഇവിടേക്ക് ആവശ്യമായ വെന്റിലേറ്ററുകളും എത്തിക്കും.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള മുഴുവന്‍ ആശുപത്രികളിലും ജീവനക്കാരുടെ കുറവുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഉല്ലാസ് തോമസ് പറഞ്ഞു. ജീവനക്കാരുടെ കുറവുകള്‍ അടിയന്തിരമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അതിതീവ്രമായി കൂടുകയും ആശുപത്രികള്‍ നിറയകയും ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുകയും ചെയ്തിരിക്കുകയാണ്. ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് നിരവധി ജീവനുകള്‍ പൊലിഞ്ഞതും നിസഹായരായ മനുഷ്യരുടെ അവസ്ഥയും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ലാ പഞ്ചായത്ത് ഓക്സിജന്‍ ചലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം ജെ ജോമി, റാണി ജോര്‍ജ്, ആശാ സനല്‍, കെജി ഡോണോ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാന്‍സീസ്, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. മാത്യു നമ്പേലില്‍ മറ്റ് വിവിധ വകുപ്പ് തലവന്മാര് എന്നിവര്‍ പങ്കെടുത്തു.