ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) തീപിടിത്തം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സ്റ്റോറൂമിലാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു തീപിടിത്തം ഉണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.
എല്ലാ രോഗികളെയും രക്ഷിച്ചെന്നും, ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസും അറിയിച്ചു. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡിസിപി അതുല്‍ താക്കൂര്‍ പറഞ്ഞു.
‘ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ എയിംസിലെ സ്റ്റോര്‍ റൂമില്‍ ചെറിയ തീപിടിത്തമുണ്ടായി. തീയണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല’ -ഡല്‍ഹി ഫയര്‍ വിഭാഗം അറിയിച്ചു.


