ജനീവ: വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വാക്സിനുകള്‍ ഫലപ്രദമാണോ എന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ഉറപ്പും നല്കാന് കഴിയില്ലെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ്. വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണ്. സുരക്ഷിതവും ഫലപ്രദവുമായി വാക്സിന് ലഭിക്കാനുള്ള സാധ്യത വളരെ വലുതാണ്. ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.
ഏകദേശം 200 ലധികം വാക്സിനുകളാണ് നിലവില്‍ ക്ലിനിക്കല്‍, പ്രീ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. വാക്സിന് പരീക്ഷണ ചരിത്രത്തില്‍ ചിലത് പരാജയപ്പെടാനും ചിലത് വിജയിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐസിഎംആറിന്റെ സഹായത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനാണ് കൊവാക്സ്. ഗാവിയും ലോകാരോഗ്യ സംഘടനയും കോലിഷന്‍ ഫോര്‍ എപ്പിഡെമിക് പ്രീപെറഡ്നസ് ഇന്നൊവേഷന്‍സും (സിഇപിഐ) ചേര്‍ന്നാണ് കൊവാക്സ് വികസിപ്പിക്കുന്നത്.
ലോകത്തെ എല്ലാ രാജ്യങ്ങളിലും കൊവിഡ് വാക്സിന് എത്തിക്കുക എന്നതാണ് ലക്ഷ്യം. മഹാമാരിയെ നിയന്ത്രണത്തിലാക്കാനും ജീവന് രക്ഷിക്കാനും അതുവഴി സാമ്പത്തികരംഗത്തെ വീണ്ടെടുക്കല്‍ സാധ്യമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.


