ഇടുക്കി ജില്ലയിലേയ്ക്ക് പാസില്ലാതെ അതിര്‍ത്തി കടക്കുന്നവരുടെ എണ്ണം കൂടുന്നു. ഇതിനു പിന്നാലെ പാസ് മുഖേന എത്തുന്നവര്‍ ക്വാറന്റൈന് ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും അയല്‍ക്കാരോ, നാട്ടുകാരോ അറിയിക്കുമ്പോള്‍ മാത്രമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വിവരം അറിയുന്നത്. അപ്പോഴേക്കും ഇവര്‍ വീട്ടുകാരുമായും അയല്‍ക്കാരുമായും സമ്പര്‍ക്കത്തിലേര്‍പ്പെട്ടു കഴിഞ്ഞിരിക്കും. അത് രോഗ വ്യാപന ഭീതി ഉയര്‍ത്തുന്നുണ്ട്.
ലോക് ഡൗണ്‍ രണ്ട് മാസം പിന്നിടുന്നതോടെ തമിഴ്നാട്ടില്‍ തൊഴിലില്ലായ്മയും രൂക്ഷമാണ്. ഇതോടെയാണ് ഇവിടുന്ന് കൂടുതല്‍ ആളുകള്‍ കേരളത്തിലേക്ക് എത്താന്‍ തുടങ്ങിയത്. രണ്ടു മാസത്തോളം തമിഴ്നാട്ടില്‍ പെട്ട പലരും സര്‍ക്കാര്‍ പാസിന് അപേക്ഷിച്ചെങ്കിലും മുന്‍ ഗണനാ ലിസ്റ്റില്‍ ഉള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ പാസ് നല്‍കുന്നത്. ഇതിനാലാണ് പലരും വനപാതയിലൂടെയും ചരക്ക് വാഹനങ്ങളിലും മറ്റും പാസില്ലാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്.