തിരുവനന്തപുരം: സംസ്ഥാനത്ത് 10 ലഷം ഡോസ് വാക്സിന് ഉപയോഗിച്ചിട്ടില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് നാലര ലക്ഷം വാക്സിനാണ് നിലവില്‍ ബാക്കിയുള്ളത്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ദിവസവും ശരാശരി രണ്ട് മുതല്‍ രണ്ടര ലക്ഷം ഡോസ് വാക്സിന് എടുക്കുന്നുണ്ട്. നിലവിലുള്ള സ്റ്റോക്ക് മാറ്റി നിര്‍ത്തിയാല്‍ പോലും കേരളം കാര്യക്ഷമമായാണ് വാക്സിന് നല്‍കുന്നതെന്ന് മനസ്സിലാക്കാനാകും. അതുകൊണ്ട് തന്നെ 10 ലക്ഷം ഡോസ് വാക്സിന് ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. തുള്ളി പോലും പാഴാക്കാതെ കിട്ടിയ ഡോസിനെക്കാളും അധികം ഡോസ് വാക്സിനെടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
വാക്സിന് എത്തിയാല്‍ എത്രയുംവേഗം താഴേത്തട്ടിലെ വാക്സിനേഷന് കേന്ദ്രങ്ങളിലെത്തിക്കാന്‍ വിപുലമായ സംവിധാനമാണൊരുക്കിയിട്ടുള്ളത്. കുറഞ്ഞ അളവില്‍ വാക്സിന് എത്തുന്നതിനാല്‍ വേണ്ടത്ര സ്ലോട്ടുകളും നല്കാന് കഴിയുന്നില്ല. കിട്ടുന്ന വാക്സിനാകട്ടെ പരമാവധി രണ്ട് ദിവസത്തിനകം തീരുന്നു. അതിനാലാണ് സംസ്ഥാനം കൂടുതല്‍ വാക്സിന് ഒരുമിച്ച് ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


