തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻട്ര വാസ്കുലർ ലിതോട്രിപ്സി (ഐ വി എൽ) ആൻജിയോപ്ലാസ്റ്റി വിജയകരമായി പൂർത്തീകരിച്ചു. നൂതന ചികിത്സാ സംവിധാനമായ ഇൻട്ര വാസ്കുലർ ലിതോട്രിപ്സി ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയ കാർഡിയോളജി വിഭാഗം മേധാവി സുനിത വിശ്വാനാഥന്റെ നേതൃത്വത്തിലുള്ള ഹൃദ്രോഗ വിദഗ്ധരാണ് 63 വയസ്സുകാരനായ രോഗിയ്ക്ക് വിജയകരമായി നടത്തിയത്. രക്തധമനികളിൽ കാൽസ്യം അടിഞ്ഞുകൊണ്ടുണ്ടായ ബ്ലോക്ക്, ഷോക്ക് വേവ് കൊറോണറി ഇൻട്രവാസലർ ലിതോട്രിപ്സി എന്ന നൂതന ആൻജിയോപ്ലാസ്റ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച് ചികിത്സിച്ചു ഭേദമാക്കുകയായിരുന്നു.
ബ്ലോക്കുകളിൽ കാൽസ്യം അടിഞ്ഞുകൂടിയാൽ അത് വളരെ കാഠിന്യമുള്ളതായി മാറും. സോണിക് പ്രഷർ വേവ് തരംഗങ്ങൾ ഉപയോഗിച്ച് കാൽസ്യം ബ്ലോക്കുകൾ ദുർബ്ബലപ്പെടുത്തി അതിനെ പൊട്ടിച്ചു കളയുന്നതാണ് ഐ വി എൽ നവീന സാങ്കേതിക വിദ്യയുടെ ചികിത്സാ രീതി.


