നിപ സ്ഥിരീകരിച്ച മലപ്പുറത്ത് അതീവ ജാഗ്രതാ നിർദേശം നൽകി. മലപ്പുറം ജില്ലയിലെ നിപ ബാധിതരായ കുട്ടികൾക്കുള്ള മോണോക്ലോണൽ ആൻ്റിബോഡികൾ പൂനെയിൽ നിന്ന് ഉടൻ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് പനി ഉണ്ടെന്നും ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
246പേരാണ് സമ്പർക്ക പട്ടികയിൽ ആകെയുള്ളത്. അവരിൽ 63 പേർ ഹൈറിസ്കിലാണുള്ളത്.ഉയർന്ന അപകടസാധ്യതയുള്ള ലിസ്റ്റിലുള്ളവരുടെയും രോഗലക്ഷണങ്ങൾ കാണിക്കുന്നവരുടെയും സാമ്പിളുകൾ ആദ്യം പരിശോധനയ്ക്ക് അയക്കും. പൂനെയിൽ നിന്ന് മൊബൈൽ ലബോറട്ടറിയും വരും. പാണ്ടിക്കാട് പഞ്ചായത്തിലും ആനക്കയം പഞ്ചായത്തിലും വീടുകൾ കയറി സർവ്വേ നടത്തും. അതുപോലെ ഐസൊലേഷനിൽ കഴിയുന്നവർക്ക് വേണ്ട സഹായത്തിന് വളണ്ടിയർ മാരെ സജ്ജമാക്കിയെന്നും മന്ത്രി അറിയിച്ചു.


