അടുത്തിടെയായി ചെറുപ്പക്കാരിൽ വയറ്റിലെ ക്യാൻസർ കേസുകൾ കൂടി വരുന്നതായി പഠനങ്ങൾ പറയുന്നു. പുകയില, മദ്യം, ഹെലിക്കോബാക്റ്റർ പൈലോറി അണുബാധ എന്നിവ പ്രധാന അപകട ഘടകങ്ങളായി വളരെക്കാലമായി പറയുന്നുണ്ടെങ്കിലും ചില ഭക്ഷണങ്ങൾ വയറ്റിലെ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നതായി വിദഗ്ധർ പറയുന്നു.
വേവിക്കാത്തതോ സംസ്കരിച്ചതോ ആയ മാംസം വയറ്റിലെ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായി എംഒസി ക്യാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലെ കാൻസർ ഫിസിഷ്യനായ ഡോ. സ്മിറ്റ് ഷെത്ത് പറയുന്നു. ഇന്ന് അധികം ആളുകളും മാംസാധിഷ്ഠിത വിഭവങ്ങൾ, ഗ്രിൽ ചെയ്ത ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ കൂടുതലായി കഴിക്കുന്നു.
വേവിക്കാത്ത മാംസം, പ്രത്യേകിച്ച് ചുവന്ന മാംസം (ബീഫ്, മട്ടൺ), കോഴി എന്നിവ ഹെലിക്കോബാക്റ്റർ പൈലോറി, ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ് തുടങ്ങിയ ദോഷകരമായ ബാക്ടീരിയകളെയും അനിസാക്കിസ്, ടോക്സോപ്ലാസ്മ ഗോണ്ടി തുടങ്ങിയവ അടങ്ങിയിരിക്കുന്നു.ക്രോണിക് എച്ച്. പൈലോറി അണുബാധയെ ഗ്രൂപ്പ് 1 കാർസിനോജനായി തരംതിരിച്ചിട്ടുണ്ട്. കൂടാതെ ആഗോളതലത്തിൽ കാർഡിയാ അല്ലാത്ത ഗ്യാസ്ട്രിക് ക്യാൻസറുകളിൽ 75 ശതമാനം വരെ കാരണമാകുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. വടക്കുകിഴക്കൻ ഇന്ത്യ, കശ്മീർ തുടങ്ങിയ പ്രദേശങ്ങളിൽ എച്ച്. പൈലോറി അണുബാധയുടെ ഉയർന്ന വ്യാപനം കണ്ടെത്തിയിട്ടുണ്ട്. ഇത് വയറ്റിലെ ക്യാൻസർ നിരക്കും ഉയർന്നതായി കാണിക്കുന്നതായി ടാറ്റ മെമ്മോറിയൽ സെന്റർ നടത്തിയ പഠനത്തിൽ പറയുന്നു.
മാംസം ഉയർന്ന താപനിലയിൽ ഗ്രിൽ ചെയ്തോ, ബാർബിക്യൂ ചെയ്തോ, പാൻ-ഫ്രൈ ചെയ്തോ – പാകം ചെയ്യുമ്പോൾ, അത് ഹെറ്ററോസൈക്ലിക് അമിനുകളും (HCAs) പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) ഉത്പാദിപ്പിക്കുന്നു. ഇവ രണ്ടും അറിയപ്പെടുന്ന അർബുദകാരികളാണ്. എന്നിരുന്നാലും, മാംസം വേവിക്കാത്തപ്പോൾ, ഈ സംയുക്തങ്ങൾ കുറവായിരിക്കാം. അണുബാധ മൂലമുണ്ടാകുന്ന വിട്ടുമാറാത്ത വീക്കം, ഭക്ഷണത്തിലെ അർബുദകാരികൾ എന്നിവയുടെ സംയോജനം ദീർഘകാല അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
ചില വടക്കൻ സംസ്ഥാനങ്ങളിൽ പതിവ് മാംസ ഉപഭോഗം, പ്രത്യേകിച്ച് ശരിയായി പാകം ചെയ്യാത്ത ചുവന്ന മാംസം, ഉയർന്ന ഗ്യാസ്ട്രിക് ക്യാൻസർ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യൻ ജേണൽ ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.പാചകം ചെയ്യുന്ന രീതിയും പാകം ചെയ്യുന്നതിന്റെ അളവും ഗ്യാസ്ട്രിക് ക്യാൻസർ സാധ്യതയെ സ്വാധീനിക്കുന്നുവെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ക്യാൻസറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
മാംസം നന്നായി വേവിക്കുക – കോഴിയിറച്ചിയുടെ ആന്തരിക താപനില കുറഞ്ഞത് 70°C ഉം ചുവന്ന മാംസത്തിന് 63°C ഉം ആയിരിക്കണം. വേവിച്ച മാംസം പലതവണ വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുക. പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകളും പാത്രങ്ങളും കഴുകുക.


