മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക തിയറ്ററടക്കമുളള ലക്ഷ്യ ലേബര്‍ റൂമുകള്‍ രണ്ടു മാസത്തിനകം തുറക്കും. ലക്ഷ്യ ലേബര്‍ റും നിര്‍മ്മാണ പുരോഗതി വിലിയിരുത്താന്‍ മാത്യു കുഴലനാടന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. നിര്മ്മാണവേലകള് എംഎല്‍എയും ഉദ്യോഗസ്ഥരും കണ്ട് വിലയിരുത്തി. അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ എംഎല്‍എ കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്കി. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് കഴിയാവുന്ന മാറ്റങ്ങള്‍ വരുത്തും.
എന്‍ എച്ച് എമ്മിന്റെ 2.6 കോടിയുടെ പ്രൊജക്ടിന്റെ നിര്‍മ്മാണ ചുമതല എച്ച്എല്‍എല്ലിനാണ്. ലക്ഷ്യ ലേബര്‍ റും ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇന്‍ ഷേറ്റീവ് പ്രോഗ്രാമില്‍ 2 അത്യാധുനിക തിയറ്റര്‍, അത്യാധുനിക ലേബര്‍ റും, സെപ്ടിക് ലേബര്‍ റൂം, ഓട്ടോക്ലേവ്റും, സ്റ്റെറൈല്‍ ആന്റ് നോണ്‍ സ്റ്റെറൈല്‍ റും, ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും പ്രത്യേക മുറികള്‍, ട്രയാജ് റും, അനുബന്ധ സൗകര്യങ്ങളടക്കമാണുള്ളത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ രോഗികള്‍ക്ക് ഓപ്പറേഷന് അനുബന്ധ സൗകര്യങ്ങള്‍ ലഭിക്കും.
നഗരസഭ ഹെല്‍ത്ത് ചെയര്മാന് പി.എം. അബ്ദുല്‍ സലാം, ആര്‍ദ്രം ജില്ല നോഡല്‍ ഓഫീസര്‍ ഡോ. രോഹിണി, എന്‍ എച്ച് എം ജില്ല ബയോ മെഡിക്കല്‍ എഞ്ചിനിയര്‍ രേവതി എല്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.എ.ബി വിന്‍സന്റ് , ആര് എം എ ഡോ. ധന്യ എന്‍പി, എച്ച് എല്‍എല്‍ സീനിയര്‍ മാനേജര്‍ ഉദയകുമാര്‍ , എച്ച്.എം.സി മെമ്പര്‍ കുട്ടപ്പായി, പി ഡബ്ല്യു ഡി – കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരും കരാര്‍ കമ്പനി പ്രതിനിതികളും പങ്കെടുത്തു.