
തിരുവനന്തപുരം: കേരളത്തിലെ മസ്തിഷ്ക മരണ അവയാവദാന പ്രക്രിയക്ക് എതിരെ നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വളരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും , മസ്തിഷ്ക മരണ അവയവദാന പ്രക്രിയയില്‍ ഗണ്യമായ പുരോഗതി ഉണ്ടാകുകയും ചെയ്തതാണ് . മസ്തിഷ്ക മരണ അവയവദാന പ്രക്രിയയെ തുരങ്കം വെക്കുന്ന രീതിയല്‍ കേരളത്തില്‍ ആസൂത്രിതമായി ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
മുന്‍കാലങ്ങളില്‍ നൂറോളം മസ്തിഷ്ക മരണ അവയവദാന പ്രക്രിയ വര്‍ഷം തോറും നടന്നുവന്നത് ഇപ്പോള്‍ രണ്ടോ, മൂന്നോ ആയി ചുരുങ്ങുവാന്‍ ഇത്തരക്കാരുടെ പ്രവര്‍ത്തനം കൊണ്ട് കാരണമായി. അതേ സമയം ജീവിച്ചിരിക്കുന്ന ആള്‍ക്കാരില്‍ നിന്നും അവയവങ്ങള്‍ എടുക്കുന്ന പ്രക്രിയ പൂര്‍വ്വാതികം ശക്തിയായി തുടരുകയും ചെയ്യുന്നുണ്ട്. ജീവിച്ചിരിക്കുന്നവരില്‍ നിന്നും അവയവം നല്കുന്ന പ്രക്രിയയില്‍ വന്‍ തോതില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎംഎ സംശയിക്കുന്നു.

ഒരു കിഡ്നി ലഭിക്കുന്നതിന് 20 മുതല്‍ 25 ലക്ഷം രൂപ വരെ ഇടനിലക്കാര്‍ വാങ്ങി അതിലെ നല്ല ശതമാനം കമ്മീഷനായി പറ്റുന്ന ആള്ക്കാര് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ആള്‍ക്കാരുടെ വന്‍ മാഫിയ സംഘം മസ്തിഷ്ക മരണ അവയവദാന പ്രക്രിയയെ തുരങ്കം വെക്കാനായി കുപ്രചരണങ്ങളും, വ്യാജവീഡിയോകളും നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയാണ്. നവമാധ്യമങ്ങളിലൂടെ വ്യാജ അക്കൗണ്ടുകള്‍ തുറക്കുകയും കുപ്രചരണങ്ങള്‍ വന്‍ തോതില്‍ നടത്തുകയും ചെയ്യുന്നത് ആസൂത്രിതമായിട്ടാണ്. മസ്തിഷ്ക മരണ അവയവദാന പ്രക്രിയ ശക്തി പ്രാപിക്കുന്നതിലൂടെ ജീവിച്ചിരിക്കുന്നവരുടെ അവയവദാന പ്രക്രിയ നിന്നു പോകാനും അത് മൂലം ഈ വന്‍ റാക്കറ്റിന് കൊടിയ സാമ്പത്തിക നഷ്ടം ഉണ്ടാകുവാനും സാധ്യതയുള്ളതിനാല്‍ ഇവര്‍ മസ്തിഷ്കമരണ അവയവദാന പ്രക്രിയയെ തകര്‍ക്കുവാന്‍ ഗൂഡാലോചന നടത്തുകയാണ്.
ജീവിച്ചിക്കുന്നവരുടെ അവയവദാനത്തിന്റെ നിരക്ക് 2016-17-18-19 എന്നീ വര്‍ഷങ്ങളിലെ കണക്ക് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തുകയും , ഇത്തരം അവയവദാന പ്രക്രിയയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുയും വേണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. അതോടൊപ്പം മസ്തിഷ്ക മരണ ശേഷമുള്ള അവയവദാന പ്രക്രിയ നിലച്ച് പോകാനുള്ള കാര്യ കാരണങ്ങല്‍ അന്വേഷിച്ച് കണ്ടെത്തി മാഫിയ സംഘങ്ങള്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം. ഇ സുഗതനും, സെക്രട്ടറി ഡോ. എന്‍ സുള്‍ഫിയും ആവശ്യപ്പെട്ടു


