കളമശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ മുന്നൂറോളം താത്ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം വൈകിയതോടെ ദുരിതത്തിലായി. അറുപത് വയസു കഴിഞ്ഞവര്‍ കൂട്ടത്തില്‍ ഉണ്ടെന്ന പേരിലാണ് ആരോഗ്യ വകുപ്പ് ശമ്പളം തടഞ്ഞിരിക്കുന്നത്. ആനുകൂല്യങ്ങള്‍ തരാതെ ആശുപത്രിയിലെ ജോലി വിടില്ലെന്നാണ് 60 വയസ് കഴിഞ്ഞവരുടെ നിലപാട്. ഇത് കാരണം ബാക്കി 300 പേരുടെ ശമ്പളം മുടങ്ങിയിരിക്കുകയാണ്. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ സംഘടനകളോ ആരോഗ്യ വകുപ്പോ ഇടപെടാത്തതിനാല്‍ തിങ്കളാഴ്ചത്തെ ആശുപത്രി ദിനാചരണം കരിദിനമായി ആചരിക്കാനൊരുങ്ങുകയാണ് ജീവനക്കാര്‍.
സഹകരണ വകുപ്പിന്റെ കീഴിലായിരുന്ന കൊച്ചി മെഡിക്കല്‍ കോളേജിനെ ഒമ്പത് വര്‍ഷം മുമ്പാണ് ആരോഗ്യ വകുപ്പ് ഏറ്റെടുത്തത്. ഏകദേശം 315 പേരാണ് വിവിധ തസ്തികകളില്‍ താത്ക്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ഇതില്‍ 15 ഓളം പേര് 60 വയസ്സ് കഴിഞ്ഞവരാണ്. ഇവര്‍ ഇപ്പോഴും പിരിഞ്ഞു പോകാതെ ജോലിയില്‍ തുടരുകയാണ്. ഓണ്‍ലൈന്‍ ശമ്പളബില്‍ സംവിധാനമായ സ്പാര്‍ക്കില്‍ ഇവരുടെ പേര് പ്രായപരിധി കഴിഞ്ഞതിനാല്‍ കയറ്റാനാകില്ല. ഇവരുടെ പേര് ഒഴിവാക്കി ശമ്പളബില്‍ സമര്‍പ്പിക്കാനും മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറാകുന്നുമില്ല. ഇതോടെ മുന്നൂറോളം കുടുംബങ്ങളുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. ആരോഗ്യ മന്ത്രി ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം.