പാരസെറ്റമോള്‍ ഗുളിക കാണാത്തവരോ കഴിക്കാത്തവരോ കുറവായിരിക്കും. ചെറിയ തലവേദനയോ പനിയോ മറ്റോ വരുമ്പോള്‍ പലരും സ്ഥിരമായി കഴിക്കുന്നതാണ് പാരസെറ്റമോള്‍ ഗുളികകള്‍. പാരസെറ്റമോളിന് പാര്‍ശ്വഫലങ്ങളുണ്ടെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങള്‍ ഏറെക്കാലമായുണ്ട്. ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് സുരക്ഷിതമാണോ? ഈയൊരു ചോദ്യവും ചര്‍ച്ചയാകാറുണ്ട്. എന്നാല്‍, ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്നാണ് അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്ത കാലത്ത് നടത്തിയ പ്രസ്താവനയാണ് പാരസെറ്റാമോളിനെ വീണ്ടും ചര്‍ച്ചകളിലെത്തിച്ചത്. ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ ഒഴിവാക്കണമെന്നും അല്ലെങ്കില്‍ ഓട്ടിസമുള്ള കുഞ്ഞ് ജനിച്ചേക്കാമെന്നുമായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍, ഇതിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ ട്രംപിന്റെ പ്രസ്താവന തള്ളിയിരുന്നു.


