തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിനുള്ള കുടുംബ വാർഷിക വരുമാനപരിധി മൂന്നു ലക്ഷം രൂപയായി ഉയർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. നിലവിൽ രണ്ടു ലക്ഷം രൂപയായിരുന്നു പരിധി. കൂടുതൽ കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. പോർട്ടൽ മുഖേന ധനസഹായം അനുവദിക്കാനുള്ള അധികാരപരിധിയും വർധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് അഞ്ചു ലക്ഷം രൂപ വരെയും റവന്യൂ മന്ത്രിക്ക് ഒരു ലക്ഷം രൂപ വരെയും റവന്യൂ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിക്ക് 50,000 രൂപ വരെയും ജില്ലാ കളക്ടർക്ക് 25,000 രൂപ വരെയും അനുവദിക്കാൻ അധികാരം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കളക്ടർമാർക്ക് ഒരു കോടി രൂപ വീതം അൺടൈഡ് ഫണ്ട് അനുവദിക്കാനും തീരുമാനിച്ചു.
കേരള സ്റ്റേറ്റ് ഡാറ്റ പോളിസി 2026 ന്റെ കരടിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പൊതുഫണ്ട് ഉപയോഗിച്ച് സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും സൃഷ്ടിക്കുകയോ ശേഖരിക്കുകയോ സൂക്ഷിക്കുകയോ പ്രോസസ് ചെയ്യുകയോ ചെയ്യുന്ന ഡാറ്റയുടെ വർഗീകരണം, പങ്കിടൽ, ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗം എന്നിവയ്ക്കായി സംസ്ഥാനതല ചട്ടക്കൂട് ഉണ്ടാക്കുന്നതിനാണ് നയം വിഭാവനം ചെയ്തിരിക്കുന്നത്. ഒരു പൊതു ഡാറ്റ എക്സ്ചേഞ്ച് പ്ലാറ്റ്ഫോം വഴി സർക്കാർ ഡാറ്റ സുരക്ഷിതമായും നിയന്ത്രിതമായും പങ്കിടുക, ഡാറ്റയുടെ ഗുണനിലവാരവും പരസ്പര പ്രവർത്തനക്ഷമതയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. കേരള സ്റ്റേറ്റ് ഐടി മിഷനാണ് പോളിസി തയാറാക്കിയത്. റവന്യൂ വകുപ്പിൽ 15 വർഷം രജിസ്ട്രേഷൻ കാലാവധി പൂർത്തിയാക്കി ഉപയോഗശൂന്യമായ 152 വാഹനങ്ങൾക്ക് പകരം പുതിയവ വാങ്ങാൻ തുക അനുവദിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ബിറ്റുമിന്റെ വിലയിൽ ഉണ്ടായ അസാധാരണ വർധനയുടെ പശ്ചാത്തലത്തിൽ ആശ്വാസ നടപടിയായി അനുവദിച്ച ബിറ്റുമിൻ വില വ്യത്യാസം നൽകുന്നതിനുള്ള ആനുകൂല്യത്തിന്റെ കാലാവധി 2027 ഏപ്രിൽ 30 വരെ ദീർഘിപ്പിക്കാനും റോഡ് പ്രവൃത്തികൾ നിർവഹിക്കുന്ന എല്ലാ എൻജിനീയറിങ് വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാധകമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

