അടുത്തമാസം മുതല്‍ ഇന്ത്യയില്‍ കോവിഡ് വാക്സീന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്സീന് പൂര്‍ണ അനുമതി അടുത്തവര്‍ഷം ആദ്യത്തോടെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിക്കുന്ന വാക്സീന് ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് പരീക്ഷണം നടത്തുന്നത്. വിദേശത്തും ഈ വാക്സീന് അടുത്തമാസം അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയേക്കും. ഇന്ത്യയിലും വിദേശത്തും അവസാനഘട്ട പരീക്ഷണം മികച്ച ഫലമാണ് കാണിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു.
ഡിസംബറില്‍ 10 കോടി കോവിഡ് വാക്സീന് തയ്യാറാകുമെന്ന് സിഇഒ അദാര്‍ പുണെവാല അറിയിച്ചു. വാക്സീന് വിതരണത്തിനുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കല്‍ രാജ്യത്ത് വേഗത്തിലാക്കി. കേരളത്തില്‍ കോവിഡ് വാക്സീന് വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കും വാക്സീന് ലഭിക്കുക. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ വിവര ശേഖരണം തുടങ്ങി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ് ചുമതല. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് വിവര ശേഖരണം. പുതു വര്‍ഷത്തില്‍ വാക്സീന് വിതരണം സാധ്യമാകുമെന്നാണ് പ്രതീക്ഷ.


