കോഴിക്കോട്: വയോധികന്റെ തലയില്‍ തുളച്ചു കയറിയ മരക്കഷ്ണം അതിവിദഗ്ധമായ ശസ്തരക്രീയയിലൂടെ പുറത്തെടുത്തു. ഗുരുതരാവസ്ഥയിലായിരുന്ന പെരുന്തല്‍മണ്ണ സ്വദേശി ആയ 62കാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയ്ക്ക് വിധേയനായത്.
മുള മരം മുറിക്കുന്നതിനിടയില്‍ നാല് മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴെ വീണ മരക്കഷ്ണം വലതു കണ്ണിന്റെ മൂക്കിനടുത്തുള്ള ഭാഗത്തു കൂടി തലയിലേക്ക് തറച്ചു കയറുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു അപകടം ഉണ്ടായത്.
സിടി സ്കാന്‍, സിടി ആന്‍ജിയോഗ്രാം, എംആര്‍ഐ തുടങ്ങിയവ എടുത്തപ്പോള്‍ കണ്ണിന്റെ പോളയിലൂടെ തുളഞ്ഞു കയറിയ മരക്കഷ്ണം കണ്ണിന്റെ പുറകിലെ എല്ലു തുളച്ചു രണ്ടായി പിരിഞ്ഞ് കവേര്‍ണസ് സൈനസിനുള്ളിലേക്കും സ്ഫീനോയ്ഡ് സൈനസിനുള്ളിലേക്കും തുളച്ചു കയറിയ നിലയിലയില്‍ കണ്ടെത്തി. ഇന്റെര്ണല് കരോട്ടിഡ് മഹാധമനിയെ 50 ശതമാനത്തില്‍ അധികം ഞെരുക്കുകയും ചെയ്യുന്ന ഗുരുതരാവസ്ഥ ആയിരുന്നു.
പരിശോധനകള്‍ക്ക് ശേഷം ന്യൂറോസര്‍ജറി ഓപ്പറേഷന് തിയേറ്ററില്‍ വെച്ച് ഡോ. പി വിജയന്റെ നേതൃത്വത്തില്‍ അതിസങ്കീര്‍ണ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചു. അതിവിദഗ്ധമായും സൂക്ഷ്മമായും നടത്തിയ ശസ്ത്രക്രിയയിലൂടെ 7cm x 2cm വലുപ്പമുള്ള മരക്കഷണം നീക്കം ചെയ്തു. രോഗി സുഖം പ്രാപിച്ചു വരികയാണ്.
ഡോ. പി വിജയന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. ജലീല്‍, ഡോ. റെസ്വി, ഡോ. എബ്ബി, നേത്ര വിഭാഗം ഡോ. സില്‍നി ചന്ദ്ര, ഡോ. രഞ്ജിനി, ഡോ. ജെയ്മി, അനസ്തേഷ്യ വിഭാഗം ഡോ. രാധ കെ ആര്, ഡോ. അനുഷ , ഡോ. അഞ്ജുഷ, ഡോ. ശരത്, സ്റ്റാഫ് നേഴ്സ് അഞ്ജു എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.