തിരുവനന്തപുരം: ആര്‍ദ്രം മിഷന് പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍.സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് രോഗീസൗഹൃദപരിചരണം സാധ്യമാക്കി മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പദ്ധതിയാണ് ആര്‍ദ്രം മിഷന്. ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി ഒരു നിശ്ചിത പ്രദേശത്തെ ജനങ്ങള്‍ക്ക് സമഗ്രമായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ആദ്യ ഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനം നടന്നുവരുന്നു. ഇതില്‍ 100-ഓളം കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വളരെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ നടന്നു വരുന്നു. ജനങ്ങള്‍ക്കും ഈ കേന്ദ്രങ്ങളെപ്പറ്റി നല്ല അഭിപ്രായം മാത്രമേ പറയാനുള്ളൂ. ഉച്ചവരെ മാത്രമുണ്ടായിരുന്ന ഒപി, രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെയായി മാറി. ഇതിന് വേണ്ടി ഓരോ കേന്ദ്രത്തിലും 3 ഡോക്ടര്‍മാരെയാണ് നിയമിച്ചത്. ഒരു പരാതിയും കൂടാതെയാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്. എന്നാല്‍ പാലക്കാട് കുമരംപത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 4 ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും വൈകുംന്നേരം വരെ ഒ.പി. നടത്താന്‍ അവര്‍ തയ്യാറാകുന്നില്ല.
3 ഡോക്ടര്‍മാര്‍, 4 സ്റ്റാഫ് നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്, ഫാര്‍മസിസ്റ്റ് തുടങ്ങിയ എല്ലാവരുടേയും പ്രവൃത്തിസമയവും ഉത്തരവാദിത്വവും നിര്‍വചിച്ചുകൊണ്ടുള്ള ഗൈഡ്ലൈന്‍ ഇറക്കിയിട്ടുണ്ട്. അതനുസരിച്ച് ആശുപത്രിക്കകത്തും പുറത്തും ചെയ്യേണ്ടുന്ന സേവനങ്ങള്‍ കൃത്യനിഷ്ഠയോടെ ചെയ്യാന്‍ തയ്യാറാകുന്നവരാണ് മഹാഭൂരിപക്ഷം ജീവനക്കാര്‍. പുതിയ സംവിധാനം നിലവില്‍ വന്നപ്പോള്‍ പ്രവൃത്തി സമയത്തിലോ ജോലിയിലോ അധികഭാരമാകുന്നതായി പറയാന്‍ കഴിയില്ല. ഉച്ചവരെ ഒരു ഡോക്ടര്‍മാര്‍ മാത്രമുണ്ടായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് 3 ഡോക്ടര്‍മാരെ നല്‍കിക്കൊണ്ട് ഒ.പി. സമയം വൈകുന്നേരം വരെയാക്കിയത്. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പദ്ധതി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനയുടെ പേര് പറഞ്ഞ് ചിലര്‍ ശ്രമിക്കുന്നത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ പൊതുജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്.
ബാക്കിയെല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും ഒരു പ്രശ്നവുമില്ലാതെ വൈകുന്നേരം വരെ ഒ.പി. നടത്തുമ്പോള്‍ ഈയൊരു കേന്ദ്രം മാത്രം മാറി നില്‍ക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും ഈ കേന്ദ്രം മാത്രം മാറിനില്‍ക്കുന്നതിനെ ഒരു വെല്ലുവിളിയായാണ് സര്‍ക്കാര്‍ കാണുന്നത്. ഒരു നാട്ടിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ നല്‍കാനുള്ള അവസരമാണ് ഇവര്‍ ഇല്ലാതാക്കുന്നത്. ആര്‍ദ്രം പദ്ധതിയുടെ ലക്ഷ്യത്തെ തന്നെ തകര്‍ക്കാനുള്ള ചിലരുടെ ശ്രമത്തെ നാട്ടുകാര്‍ തിരിച്ചറിയണം. ആര്‍ദ്രം മിഷന് വിജയകരമായി നടപ്പിലാക്കുന്നതിന് ബഹുജനങ്ങളുടേയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥ സമൂഹത്തിന്റേയും എല്ലാ ആശുപത്രി ജീവനക്കാരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.


