ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ എടുത്തു തുടങ്ങി. ഇതിൻ്റെ ഭാഗമായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി അവരെ രാജ്യത്തുടനീളം വ്യാപിപ്പിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം. ഏകദേശം ഒരു ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനാണ് സര്‍ക്കാര്‍ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാരിൻ്റെ കീഴിലുള്ള കേന്ദ്ര നൈപുണ്യ വികസ സംരംഭക മന്ത്രാലയം പ്രത്യേക പരിശീലന പരിപാടി ആരംഭിക്കും എന്നറിയിച്ചു..
രാജ്യത്തെ 28 സംസ്ഥാനങ്ങളിലെ 194 ജില്ലകളില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും. ആകെ മൊത്തം 300 നൈപുണ്യ കേന്ദ്രങ്ങള്‍ തുടങ്ങനാണ് കേന്ദ്ര പദ്ധതി. നിലവിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. മൂന്ന് മാസത്തെ തൊഴില്‍ പരിശീലനത്തോടുകൂടിയ ഹ്രസ്വകാല കോഴ്സാണ് മന്ത്രാലയം നല്‍കുക. എമര്‍ജന്‍സി കെയര്‍ സപ്പോര്‍ട്ട്, ബേസിക് കെയര്‍ സപ്പോര്‍ട്ട്, സാംപിള്‍ ശേഖരണം, ഹോം കെയര്‍ സപ്പോര്‍ട്ട്, അഡ്വന്‍സ് കെയര്‍ സപ്പോര്‍ട്ട്, മെഡിക്കല്‍ എക്യുപ്മെന്റ് സപ്പോര്‍ട്ട് എന്നീ ആറ് മേഖലകള്‍ തിരിച്ച് പരിശീലനം നൽകുക.
കൊവിഡ് മൂന്നാം തരംഗം ആരംഭിക്കുന്നതിന് മുന്നോടിയായി പരിശീലനം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കോവിഡിൻ്റെ ആദ്യ രണ്ട് വരവിലും മതിയായ ആരോഗ്യപ്രവര്‍ത്തകരുടെ അഭാവം പല സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു. ആ അവസ്ഥ മൂന്നാം തരംഗത്തില്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്.


