തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഒരേസമയം രണ്ടുരോഗികള്‍ക്ക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച കൊല്ലം ജോനകപ്പുറം സ്വദേശി അക്സനോയുടെ വൃക്കകളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു രോഗികള്‍ക്ക് മാറ്റിവച്ചത്. ശനിയാഴ്ച രാവിലെയാണ് ഒരേസമയം രണ്ടു രോഗികള്‍ക്കും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കഴക്കൂട്ടം മേനംകുളം സ്വദേശി രോഹിത് മാത്യു (24), കിളിമാനൂര്‍ കൊടുവഴന്നൂര്‍ സ്വദേശി സുബീഷ് (32) എന്നിവര്‍ക്കാണ് വൃക്കമാറ്റിവച്ചത്.
ജന്മനാതന്നെ വൃക്കസംബന്ധമായ അസുഖമുള്ള രോഹിത് നേരത്തേ ഒരുതവണ വൃക്ക മാറ്റിവച്ചതാണ്. രണ്ടു വൃക്കകളും ചുരുങ്ങി പ്രവര്‍ത്തനക്ഷമമല്ലാതായതോടെയാണ് സുബീഷിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. യൂറോളജി വിഭാഗം പ്രൊഫസര്‍മാരായ ഡോ വാസുദേവന്‍, ഡോ സതീഷ് കുറുപ്പ് എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദ്യമായാണ് ഒരേസമയം രണ്ടുവൃക്കമാറ്റിവയ്ക്കല് ശസ്ത്രക്രിയകള്‍ നടക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടുത്തിടെ സജ്ജമാക്കിയിട്ടുള്ള ആധുനിക ചികിത്സാസംവിധാനങ്ങള്‍ ഒരേസമയം ശസ്ത്രക്രിയകള്‍ നടക്കുന്നതിന് സഹായകരമായി. അര്‍ഹതപ്പെട്ടവര്‍ക്ക് ഇടനിലക്കാരൊന്നുമില്ലാതെ വൃക്കമാറ്റിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി കഴിയുന്നുവെന്നത് സാധാരണക്കാരായ രോഗികള്‍ക്ക് പ്രതീക്ഷയേകുന്നതാണെന്ന് ഇരുവരുടെയും ബന്ധുക്കള്‍ പ്രതികരിച്ചു. വൃക്ക നല്കിയ അക്സനോയുടെ കുടുംബാംഗങ്ങളെ അവര്‍ നന്ദി അറിയിച്ചു.
അഞ്ചുരോഗികളില് മൃതസഞ്ജീവനിയായി അക്സനോ
തിരുവനന്തപുരം: അമ്മയും രണ്ടുസഹോദരിമാരുമടങ്ങുന്ന കുടുംബത്തെ അല്ലലില്ലാതെ പോറ്റാന്‍ പാടുപെടുകയായിരുന്നു അക്സനോ. അച്ഛന്റെ മരണത്തോടെ കുടുംബപ്രാരാബ്ദം അക്സനോയുടെ ചുമലിലായെങ്കിലും ഇലക്ട്രീഷ്യനായും മത്സ്യത്തൊഴിലാളിയായും രാപകലില്ലാതെ അധ്വാനിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു ആ 22കാരന്. കഷ്ടപ്പാടുകള്‍ മറന്ന് കൊല്ലം ജോനകപ്പുറത്തെ വാടകവീട്ടില്‍ അമ്മ മേരിയ്ക്കും ഇളയ സഹോദരിമാരായ ജോസ്ഫിനും സിന്സിയ്ക്കുമൊപ്പം ഒരുവിധം സന്തോഷത്തോടെ കഴിഞ്ഞുവരവെ വാഹനാപകടത്തില്‍ അക്സനോ ജീവിതത്തിന്റെ കളംവിട്ടൊഴിഞ്ഞത് കുടുംബത്തെയാകെ തളര്‍ത്തി.
മേയ് ആറിന് വൈകുന്നേരമാണ് സംഭവം. ഒരു ടെക്സ്റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായ ഇളയസഹോദരിമാരില്‍ ഒരാളായ ജോസ്ഫിനെ വിളിക്കാന്‍ ബൈക്കില്‍ പോയ അക്സനോയെ ഒരു കാറിടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവമറിയാതെ ജോലി കഴിഞ്ഞു നടന്നുവരികയായിരുന്ന ജോസ്ഫിന് അപകടസ്ഥലത്തെ ആള്‍ക്കൂട്ടം കണ്ട് പോയിനോക്കിയപ്പോഴാണ് സ്വന്തം സഹോദരനാണ് അപകടത്തില്‍പെട്ട് കിടക്കുന്നതെന്ന് മനസിലായത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയിലെത്തിച്ചു.
വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദിനെ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചു. കോവിഡ് കാലമായതിനാല്‍ ഐസിയു ഒഴിവുണ്ടായിരുന്നില്ല. എന്നാല്‍ രോഗിയുടെ ഗുരുതരാവസ്ഥ മനസിലാക്കിയ ഡോ ഷര്‍മ്മദ് അക്സനോയ്ക്ക് പ്രത്യേകം ഐസിയു കിടക്ക തരപ്പെടുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുകയായിരുന്നു. തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാരുടെ പരിശ്രമം പൂര്‍ണമായും ഫലവത്തായില്ല. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. വിവരം ബന്ധുക്കളെ അറിയിച്ചപ്പോഴേക്കും അക്സനോയുടെ അമ്മ മേരിയും സഹോദരി ജോസ്ഫിനും ഡോ ഷര്മ്മദിനോട് ഒരു അഭ്യര്‍ത്ഥന കൂടി നടത്തി. അക്സനോയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവസരമൊരുക്കണമെന്നായിരുന്നു ആ അഭ്യര്‍ത്ഥന. കുടുംബാംഗങ്ങളുടെ വിശാലമനസിനെ പ്രശംസിച്ച അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസിനെ വിവരമറിയിച്ചു. ഡോ നോബിള്‍ ഗ്രേഷ്യസ്, മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുവര്‍മെന്റ് മാനേജര്‍ ഡോ അനില്‍ സത്യദാസ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ ജയചന്ദ്രന്, ട്രാൻസ്പ്ലാൻ്റ് കോ ഓർഡിനേറ്റർമാരായ പി വി അനീഷ്, എസ് എൽ വിനോദ് കുമാർ എന്നിവരുടെ ഏകോപനത്തില്‍ ശനിയാഴ്ച അവയവദാന പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.
രണ്ടുവൃക്കകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തന്നെ രണ്ടു രോഗികള്‍ക്കും രണ്ടു ഹൃദയവാല്‍വുകള്‍ ശ്രീചിത്ര മെഡക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രോഗികള്‍ക്കും കരള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രോഗിയ്ക്കുമാണ് നല്‍കിയത്. മൃതസഞ്ജീവനി കണ്‍വീനര്‍ കൂടിയായ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറ വര്‍ഗീസ് അവയവദാന പ്രവര്‍ത്തനം സുഗമമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. അക്സനോയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകുന്നേരത്തോടെ സ്വദേശത്തേയ്ക്ക് കൊണ്ടുപോയി. ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് അന്ത്യാഞ്ജലി അര്‍പ്പിച്ചു.


