തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിലുള്ള ആള് പെരുപ്പം ഒഴിവാക്കാന്‍ നല്ലനടപ്പ് സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ സാദ്ധ്യമവുമെന്നും ഇതിനായി വലിയ പ്രവര്‍ത്തനമാണ് സാമൂഹ്യനീതി വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സമൂഹത്തില്‍ മാതൃകാപരമായ ഇടപെടലുകള്‍ നടത്തി കുറ്റവാളികളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. വലിയ പ്രവര്‍ത്തനത്തിലൂടെ ഇത് വിജയിപ്പിക്കാന്‍ സാധിക്കണം. വിവിധ സാമൂഹിക മാനസിക ഇടപെടലിലൂടെ കുറ്റകൃത്യത്തില്‍ നിന്നും അവരെ പിന്തിരിപ്പിച്ച് കുടുംബത്തിനും സമൂഹത്തിനും ഉപകാരികളായി മാറ്റാന്‍ സാധിക്കും. ഗൗരവതരമല്ലാത്ത കുറ്റം ചെയ്യുന്ന ആദ്യ കുറ്റവാളികളിലും മറ്റും സാമൂഹ്യ മനശാസ്ത്ര ഇടപെടല്‍ നടത്തിയാല്‍ ജയിലുകളുടെ എണ്ണം കുറയ്ക്കാന്‍ കേരളത്തില്‍ സാധിക്കും. സാഹചര്യം കൊണ്ട് ചെറിയ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെ വീണ്ടും കേസില്‍ പെടാതെ നോക്കാന്‍ നമുക്ക് കഴിയും. ഇതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഫലവത്തായാല്‍ കേരളം രാജ്യത്തിന് മാതൃകയാകുമെന്ന് മന്തി പറഞ്ഞു. തിരുവനന്തപുരം തമ്പാനൂര്‍ ചൈത്രം ഹോട്ടലില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജില്ലാതല പ്രൊബേഷന്‍ ഉപദേശക സമിതി അംഗങ്ങളുടെ ശാക്തീകരണ ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
പരിഷ്കൃത സമൂഹത്തില്‍ മനുഷ്യനെ കുറ്റവാസനകളില്‍ നിന്നും മാറ്റിയെടുക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണ്. കുറ്റകൃത്യം മനസിന്റെ അസുഖമാണ് എന്നാണ് പറയുന്നത്. അതൊഴിവാക്കിയാല്‍ കുറ്റകൃത്യങ്ങള്‍ തടയാനാകും. പല സാഹചര്യങ്ങളാല്‍ ഒരാള്‍ കുറ്റവാളിയാകാറുണ്ട്. അവരില്‍ ചിലരെങ്കിലും അറിയാതെ ചെയ്തു പോകുന്നവരോ തിരിച്ചുവരാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവരോ ആണ്. അവര്‍ക്ക് നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് നല്ല നടപ്പ് നല്കിയാല് ബഹുഭൂരിപക്ഷം പേരിലും വലിയ മാറ്റം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈയൊരു വലിയ ദൗത്യം വിജയകരമാകാന്‍ എല്ലാവരുടേയും പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സബ് ജഡ്ജ് എ. ജൂബിയ, സാമൂഹ്യ സുരക്ഷാ മിഷന് എക്സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ ഓഫീസര്‍ കെ.കെ. സുബൈര്‍, അസി. ഡയറക്ടര്‍മാരായ യു. മുകുന്ദന്, കെ.വി. സുഭാഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കുറ്റകൃത്യങ്ങളും പരിവര്‍ത്തന സിദ്ധാന്തവും, പ്രബേഷന്‍ സംവിധാനം കേരളത്തില്‍, നേര്‍വഴി പദ്ധതി ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും, പ്രൊബേഷന്‍ ചരിത്രവും നിയമവും, പ്രൊബേഷന്‍ ഉപദേശക സമിതിയുടെ ഉത്തരവാദിത്തങ്ങള്‍, കുറ്റവാളികളില്ലാത്ത കേരളം സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും തുടങ്ങിയ വിഷയങ്ങള്‍ ശാക്തീകരണ പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്നു.