ഓസ്ട്രേലിയ :ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ കൊവിഡ് ബാധിതർ കൂടുന്ന സാഹചര്യത്തിൽ കൊവിഡ് വാക്സിനേഷന് നിരക്ക് ക്രമാധിതമായ തോതില്‍ ഉയരുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ എട്ടര ലക്ഷത്തോളം ഡോസ് വാക്സിനാണ് നല്‍കിയെന്നും ഇതോടെ രാജ്യത്ത് ഇതുവരെ നല്കിയ വാക്സിന് ഡോസുകളുടെ എണ്ണം 50 ലക്ഷം കടന്നിട്ടുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലി പറഞ്ഞു.
ആസ്ട്രസെനക്ക വാക്സിനെക്കുറിച്ചുള്ള ആശങ്കകളും, ഫൈസര്‍ വാക്സിൻ്റെ ലഭ്യതക്കുറവും കാരണം ആദ്യഘട്ടത്തില്‍ വാക്സിനേഷന് നിരക്ക് കുറവായിരുന്നു. ആദ്യ പത്തു ലക്ഷം ഡോസ് വാക്സിനുകള്‍ നല്കാന് 47 ദിവസമാണ് വേണ്ടിവന്നതെന്നും, ആ സാഹചര്യത്തിൽ നിന്നാണ് ഇത്രയും വേഗത്തിൽ നിരക്ക് കൂടിയതെന്നും വരും ദിവസങ്ങളില്‍ വാക്സിനേഷന് നിരക്ക് ഇനിയും കൂടുമെന്നും വാക്സിനേഷന് പ്രക്രിയയുടെ ഏകോപനച്ചുമതലയുള്ള കോമഡോര്‍ എറിക് യംഗ് പറഞ്ഞു.
ഏപ്രില്‍ ആദ്യവാരത്തോടെ 40 ലക്ഷം ഡോസ് വാക്സിന് നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മേയ് അവസാനവാരം മാത്രമാണ് ഇതിലേക്ക് എത്താന്‍ കഴിഞ്ഞത്.
രാജ്യത്തേക്ക് കൂടുതല്‍ വാക്സിന് ഡോസുകള്‍ എത്തുന്നതും, വാക്സിന് നല്‍കുന്നതിനുള്ള പട്ടിക വിപുലപ്പെടുത്തിയതുമാണ് ഇനിയുള്ള ദിവസങ്ങളില്‍ വേഗത കൂടാന്‍ കാരണം. ജൂണ്‍ 8 മുതല്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വാക്സിന് ലഭിക്കാന്‍ അര്‍ഹതയുണ്ടാകുമെന്ന് കഴിഞ്ഞയാഴ്ച ചേര്‍ന്ന ദേശീയ ക്യാബിനറ്റ് അറിയിച്ചിരുന്നു.
ഈ വിഭാഗങ്ങള്‍ക്കാണ് ചൊവ്വാഴ്ച മുതല്‍ വാക്സിനേഷന് അര്‍ഹതയുണ്ടാകുക:
40 വയസിനു മേല്‍ പ്രായമുള്ള എല്ലാവരും
16 വയസിനു മേല്‍ പ്രായമുള്ള എല്ലാ ആദിമവര്‍ഗ്ഗ വിഭാഗക്കാരും
NDIS പദ്ധതിയിലുള്ള 16 വയസിനുമേല്‍ പ്രായമുള്ള എല്ലാവരും, ഇവരെ പരിചരിക്കുന്നവരും
താല്‍ക്കാലിക വിസകളിലുള്ള 50 വയസില്‍ താഴെയുള്ളവര്‍ – ഇവര്ക നിലവില്‍ ഓസ്ട്രേലിയയിലുണ്ടാകുകയും, വീണ്ടും തിരിച്ചെത്താന്‍ പ്രത്യേക ഇളവ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം.
50 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും, ആരോഗ്യം, അതിര്‍ത്തിരക്ഷ, ക്വാറന്റൈന് തുടങ്ങിയ മേഖലകളിലുള്ള മറ്റെല്ലാവര്ക്കുമായിരുന്നു ഇതുവരെ വാക്സിനേഷന് അര്‍ഹത.
40 വയസിനു മേല്‍ പ്രായമുള്ളവര്‍ താല്പര്യം രേഖപ്പെടുത്തിയാല്‍ ലഭ്യതയ്ക്കനുസരിച്ച് വാക്സിന് നല്‍കുമായിരുന്നു.
ഇതാണ് 40 വയസിനു മേല്‍ പ്രായമുള്ള എല്ലാവര്ക്കും വാക്സിനേഷന് അര്‍ഹതയുണ്ടാകും എന്ന രീതിയില്‍ മാറ്റിയത്. ചൊവ്വാഴ്ച മുതല്‍ 40 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റില്‍ നിന്ന് വാക്സിനേഷനായി ബുക്ക് ചെയ്യാന്‍ കഴിയും എന്നും അധികൃതർ അറിയിച്ചു.


