വേനല്‍ക്കാലം കഠിനമാവുന്നു. അതിനാല്‍ വേനലില്‍ ഉണ്ടാകാവുന്ന ശാരീരിക മാറ്റങ്ങളും വരാന്‍ സാധ്യതയുള്ള രോഗങ്ങളും പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലുള്ള ആഹാരവും ദൈനംദിന ചര്യകളും ആയിരിക്കണം പിന്തുടരേണ്ടത്.
നേരിട്ട് സൂര്യന്റെ ചൂട് ഏല്ക്കുന്ന രീതിയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ജോലിസമയം11 മണി മുതല്‍ 3 മണി വരെ ക്രമീകരിക്കുകയാണ് ആദ്യത്തെ പ്രതിരോധമാര്‍ഗം.
വേനല്‍ക്കാലത്ത് ശരീരബലം കുറയ്ക്കുകയും ശരീരം വരളുന്നത് വര്‍ധിപ്പിക്കുകയും ചെയ്യും . ശരീരബലം കുറഞ്ഞിരിക്കുന്നതിനാല്‍ ആഹാരത്തില്‍ എരിവ്, പുളി ,ഉപ്പ് എന്നിവയുടെ ഉപയോഗം വളരെയധികം കുറയ്ക്കേണ്ടതാണ്. എളുപ്പം ദഹിക്കുന്നതും ദ്രവരൂപത്തിലുള്ളതും സ്നിഗ്ധവും തണുത്ത ഗുണത്തോടു കൂടിയതുമായ ആഹാരങ്ങളുടെ ഉപയോഗം വേനല്‍കാലത്ത് ആരോഗ്യം നിലനിര്‍ത്തുന്നതിനും വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഉപയോഗിക്കണമെന്ന് ആയുര്‍വേദം പറയുന്നു. കയ്പുരസമുള്ള പച്ചക്കറികളും ഇക്കാലത്ത് സുലഭമായി ലഭിക്കുന്ന പഴങ്ങളും ആഹാരത്തില്‍ ധാരാളമായി ഉപയോഗപ്പെടുത്തണം. മത്സ്യവും മാംസവും വളരെക്കുറച്ചുമാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. ഗോതമ്പ് , അരി, കൂവരക്, ചോളം ചെറുപയര്‍, പരിപ്പ് വര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം .
കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. കൂടാതെ വിവിധ തരം പഴച്ചാറുകള്‍ നേര്‍പ്പിച്ചും ഉപയോഗിക്കാവുന്നതാണ്. ഉദാഹരണമായി തണ്ണിമത്തന് മാങ്ങ,മുന്തിരി.
അതുപോലെതന്നെ പച്ചക്കറികള്‍, മത്തന്‍ എന്നിവ ജ്യൂസ് ആക്കിയും കൂടാതെ മോരിന് വെള്ളം, നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.
തിളപ്പിച്ചാറിയ വെള്ളത്തില്‍ കഴുകി വൃത്തിയാക്കിയ രാമച്ചമിട്ട് വച്ചിരുന്ന ജലം, നറുനീണ്ടി ഇട്ടു തിളപ്പിച്ച ജലം എന്നിവയും കുടിക്കാനായി ഉപയോഗിക്കാം. സാധാരണ കുടിക്കുന്നതിലും കൂടുതല്‍ വെള്ളം വേനല്‍കാലത്ത് കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യവാനായ ഒരു വ്യക്തി 12 മുതല്‍ 15 ഗ്ലാസ് വരെ വെള്ളം വേനല്‍ക്കാലത്ത് കുടിക്കുന്നതാണ് നല്ലത് . മലര്‍പ്പൊടി പഞ്ചസാര ചേര്‍ത്ത് അല്പാല്പമായി കഴിക്കുന്നത് ക്ഷീണമകറ്റുന്നതിനു സഹായിക്കും.
വേനല്‍ക്കാലത്ത് മദ്യവും അതുപോലെയുള്ള പാനീയങ്ങളും ഒഴിവാക്കേണ്ടതാണ്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. നേരിട്ട് സൂര്യ രശ്മികള്‍ ശരീരത്തില്‍ പതിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ ആണ് അനുയോജ്യം. ശരീര താപം വര്‍ദ്ധിക്കുന്നതിനാല്‍ ദേഹത്ത് എണ്ണ തേക്കുന്നത് നല്ലതാണ്. പിണ്ഡതൈലം, നാല്പാമരാദിതൈലം പോലെയുള്ള എണ്ണകള്‍ പുരട്ടി കുളിക്കുന്നത് ത്വക്കി ന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനു സഹായിക്കുന്നു.
വേനല്‍ക്കാലത്ത് വളരെയധികം അപകടകരമായി മാറാവുന്ന അവസ്ഥകളാണ് സൂര്യാഘാതവും സൂര്യതാപം കൊണ്ടുള്ള പൊള്ളലും. നമ്മുടെ ജോലിസമയം ക്രമീകരിച്ചു ശക്തമായ സൂര്യരശ്മികള്‍ നേരിട്ട് ഏല്‍ക്കാത്ത തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയും ആഹാരം ,പാനീയം എന്നിവ യഥാ രീതിയില്‍ ഉപയോഗിച്ചും അഭ്യംഗത്തിലൂടെ ത്വക്കിന്റെ പ്രതിരോധശക്തി വര്‍ധിപ്പിച്ചും ഇതിനെ പ്രതിരോധിക്കാവുന്നതാണ് .
സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ലഭ്യമായ ഷഡംഗം കഷായ ചൂര്‍ണം, ഗുളൂച്യാദി കഷായ ചൂര്‍ണ്ണം, ദ്രാക്ഷാദികഷായ ചൂര്‍ണം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിനായി ഉപയോഗപ്പെടുത്താവുന്നതാണ് .വേനല്‍ക്കാല രോഗങ്ങള്‍ക്ക് പ്രതിരോധത്തിനും ചികിത്സക്കും ആവശ്യമായ എല്ലാ ഔഷധങ്ങളും ഗവ.ആയുര്‍വേദ സ്ഥാപനങ്ങളില്‍ ലഭ്യമാണ്