ഫൈസര്‍ കോവിഡ് വാക്സീന് ഇന്ത്യയില്‍ അടിയന്തര അനുമതി തേടി. ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്കി. ലോകത്ത് ആദ്യമായി വാക്സീന് അടിയന്തര ഉപയോഗത്തിന് അനുമതി നേടിയ കമ്പനിയാണ് ഫൈസര്‍. യുകെയിലും ബഹ്റൈനിലും അനുമതി നേടിയതിന് പിന്നാലെയാണ് ഇന്ത്യയിലും അപക്ഷ നല്‍കിയത്.
ഫൈസര്‍ വാക്സീന് ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നില്ല. ഫൈസറിന്റെ അപേക്ഷയയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ ഇന്ത്യയില്‍ പരീക്ഷിച്ച് വിജയമുറപ്പിക്കുന്ന വാക്സീനുകള്‍ മാത്രമാണ് വിതരണത്തിന് അനുവദിക്കുന്നത്. എന്നാല്‍ 2019ലെ ഡ്രഗ് ആന്റ് ക്ലിനിക്കല്‍ ട്രയല്‍ ആക്ട് പ്രകാരം ഇത് മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്.
മഹാമാരിയുടെ തീവ്രത കണക്കിലെടുത്ത് ഇന്ത്യയില്‍ പരീക്ഷിക്കാതെ തന്നെ അംഗീകാരം നല്‍കണമെന്നാണ് ഫൈസറിന്റെ ആവശ്യം. എന്നാല്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് പോലുള്ള താഴ്ന്ന താപനിലയില്‍ മാത്രം സൂക്ഷിക്കാനാകുന്ന ഈ വാക്സീന് ഇന്ത്യയില്‍ സുഗമമായി വിതരണം നടത്തുന്ന നിലവില്‍ പ്രായോഗികമല്ല. ഇത്രയും താഴ്ന്ന താപനിലയില്‍ ശീതീകൃത ശൃംഘലയൊരുക്കല് തന്നെ വലിയ വെല്ലുവിളിയാണ്. ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന വാക്സീനുകളേക്കാള്‍ വില കൂടുതലാണെന്നതും തിരിച്ചടിയാണ്. ഇറക്കുമതിയുടെ ചെലവ് വേറേയും വേണ്ടിവരും.
രണ്ടുഡോസാണ് നല്‍കേണ്ടത്. ഇത്തരം പരിമിതകള്‍ മറികടക്കാന്‍ സാധ്യമായ മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തേടുന്നുണ്ട്. ഫൈസറുമായി ചര്‍ച്ചകളും നടത്തി.


