തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യ മേഖലയിൽ ചെയ്യുന്ന മാതൃകാ പ്രവർത്തനങ്ങൾക്ക് വീണ്ടും ദേശീയ ഗുണനിലവാര അംഗീകാരം. സംസ്ഥാനത്തെ 13 സർക്കാർ ആശുപത്രികൾക്കുകൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻക്യൂഎഎസ്) അംഗീകാരം. വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%), കോഴിക്കോട് താമരശേരി ഗവ. താലൂക്ക് ആശുപത്രി (93.6%), കണ്ണൂർ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%), കണ്ണൂർ കതിരൂർ കുടുംബാരോഗ്യ കേന്ദ്രം (93%), എറണാകുളം പായിപ്പറ കുടുംബാരോഗ്യ കേന്ദ്രം (92%), കോട്ടയം വെള്ളിയാനൂർ കുടുംബാരോഗ്യ കേന്ദ്രം (92%), കോഴിക്കോട് കല്ലുനിറ യുപിഎച്ച്സി. (90.6%), എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം (90%), കാസർക്കോട് മുള്ളയേരിയ കുടുംബാരോഗ്യ കേന്ദ്രം (90%), കണ്ണൂർ കൂവോട് യു.പി.എച്ച്.സി. (88.9%), കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം (88%) കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം (85%) മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം (84%) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എൻക്യൂഎഎസ് ബഹുമതി നേടിയത്.
സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്, ഇൻപുട്സ്, സപ്പോർട്ടീവ് സർവ്വീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫക്ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട് കം എന്നീ എട്ടു വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് എൻക്യു എ എസ് അംഗീകാരം നൽകുന്നത്.
മാതൃകാ പ്രവർത്തനങ്ങൾക്കുളള അംഗീകാരമെന്ന് മന്ത്രി കെ കെ ശൈലജ: സംസ്ഥാനത്ത് ആരോഗ്യ മേഖലയിൽ ചെയ്യുന്ന മാതൃകാ പ്രവർത്തനങ്ങൾക്കുളള അംഗീകാരമാണ് തുടർച്ചയായുള്ള ദേശീയ ഗുണനിലവാര അംഗീകാരമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഈ വർഷം അവസാനത്തോടെ 140 സർക്കാർ ആശുപത്രികളെങ്കിലും എൻ ക്യു എ എസ്. അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തിനായാണ് പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ അംഗീകാരം ലഭിച്ച പിഎച്ച്സി കൾക്ക് രണ്ട് ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസറ്റീവ്സ് ലഭിക്കും.
കേരളത്തിലെ 55 ആശുപത്രികളാണ് ഇതുവരെ എൻ ക്യു എ എസ് അംഗീകാരം നേടിയത്. 10 ആശുപത്രികൾ കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്. ഇതോടെ രാജ്യത്തെ മികച്ച പി എച്ച്സി ഗണത്തിൽ ആദ്യ 12 സ്ഥാനവും കേരളം കരസ്ഥമാക്കി. തിരുവനന്തപുരം, ഒറ്റശേഖരമംഗലം, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99ശതമാനം സ്കോറോടെ ഒന്നാമതെത്തിയിരുന്നു. കഴിഞ്ഞ വർഷം കയ്യൂർ കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്കോർ നേടി. ജില്ലാ ആശുപത്രികളുടെ ഗണത്തിൽ ഡബ്ല്യൂ & സി കോഴിക്കോട് 96% മാക്കുകൾ നേടി ഒന്നാമതെത്തി. സബ്ജില്ലാ ഗണത്തിൽ 98.7% മാർക്കുകൾ നേടി താലൂക്ക് ആശുപത്രി ചാലക്കുടി ഒന്നാമതെത്തി. 12 സ്ഥാപനങ്ങൾക്ക് എൻക്യൂഎഎസ് അംഗീകാരം കരസ്ഥമാക്കിയ കണ്ണൂർ ജില്ല ഒരു ഡസൻ സ്ഥാപനങ്ങൾക്ക് ഈ അംഗീകാരം നേടിയെടുക്കുന്ന രാജ്യത്തെ ആദ്യ ജില്ലയായി.