ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിന് ക്യാൻറീൻ നിർമ്മിക്കുന്നതിന് 45 ലക്ഷം രൂപ ഡീൻ കുര്യാക്കോസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചു. ഇടുക്കിയിൽ മെഡിക്കൽ കോളേജ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനു ശേഷം ആദ്യമായി ഫണ്ട് അനുവദിച്ചത് ഡീൻ കുര്യാക്കോസ് എം.പി.യാണ്. നേരത്തെ മെഡിക്കൽ കോളേജിലേക്ക് വെൻറിലേറ്ററുകൾ ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനും, റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങിക്കുന്നതിനുമായി 01 കോടി 12 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ജില്ലാ ആശുപത്രിയിൽ പ്രാരംഭഘട്ടത്തിൽ നിർമ്മിച്ച കെട്ടിടം നിലവിലെ സാഹചര്യത്തിൽ പരിമിതമായതു കൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 45 ലക്ഷം രൂപയാണ് മെഡിക്കൽ കോളേജ് ക്യാൻറീന് ആവശ്യമായ കെട്ടിടം നിർമ്മിക്കുന്നതിന് എം.പി. ഫണ്ടിൽ നിന്നും നീക്കിവച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം സെപ്തംബർ-7 തിങ്കളാഴ്ച രാവിലെ 9.30 ന് ഇടുക്കി എം.പി അഡ്വ: ഡീൻ കുര്യാക്കോസ് നിർവ്വഹിക്കും. ജില്ലാ പഞ്ചായത്തു പ്രസിഡൻറ് കുമാരി: കൊച്ചുത്രേസ്യാ പൗലോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ എച്ച്.ദിനേശൻ, ത്രിതല പഞ്ചായത്തു പ്രതിനിധികൾ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, സൂപ്രണ്ട് തുടങ്ങിയവർ പങ്കെടുക്കും.


