കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ക്ക് പുറമെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതിന് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം. ദരിദ്ര രാജ്യങ്ങളില്‍ വാക്സിന്റെ ദൗര്‍ലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ വരെയെങ്കിലും ബൂസ്റ്റര്‍ ഡോസ് വിതരണം നിര്‍ത്തി വയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. മരുന്നു കമ്പനികള്‍ സമ്പന്നരാഷ്ടങ്ങള്‍ക്ക് കൂടുതല്‍ വാക്സിന് നല്‍കുന്നത് നിയന്ത്രിക്കണമെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
”ഡെല്‍റ്റ വേരിയന്റില്‍ നിന്ന് തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സര്‍ക്കാരുകളുടെയും ഉത്കണ്ഠ ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, വാക്സിനുകളുടെ ആഗോള വിതരണത്തില്‍ ഭൂരിഭാഗവും ഇതിനകം ഉപയോഗിച്ച രാജ്യങ്ങള്‍ വീണ്ടും അത് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല,” ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു. വാക്സീന് ഡോസുകള്‍ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്കു മാത്രം പോകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച്, ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ മെയ് മാസത്തില്‍ ഓരോ 100 ആളുകള്‍ക്കും 50 ഡോസുകള്‍ നല്കി, അതിനുശേഷം ആ എണ്ണം ഇരട്ടിയായി. എന്നാല്‍ വാക്സിനുകളുടെ വിതരണത്തിന്റെ അഭാവം മൂലം, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഓരോ 100 ആളുകള്‍ക്കും 1.5 ഡോസുകള്‍ മാത്രമേ നല്കാന് കഴിയൂ.
ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം തടയാന്‍, അധിക ഷോട്ടുകള്‍ ആവശ്യമുണ്ടോ ഇല്ലയോ എന്ന് ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്യുമ്പോഴും ചില രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.
രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ വീണ്ടും ബൂസ്റ്റര്‍ വാക്സീന് (മൂന്നാം ഡോസ്) നല്‍കുമെന്ന് ജര്‍മനിയും രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് രണ്ടാം ഡോസിന് മൂന്നു മാസത്തിനു ശേഷവും മറ്റുള്ളവര്‍ക്ക് ആറു മാസത്തിനു ശേഷവും ബൂസ്റ്റര്‍ വാക്സീന് നല്‍കുമെന്ന് യു.എ.ഇ.യും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞയാഴ്ച, ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് കൊവിഡ് വാക്സിന്റെ മൂന്നാമത്തെ ഷോട്ട് ലഭിച്ചു, രാജ്യത്ത് 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനുള്ള പ്രചാരണവും അവര്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന.


