കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് ഗണേഷ് മോഹന്റെ നിര്‍ദേശപ്രകാരമെന്ന് സസ്പെന്‍ഷനിലായ അഡ്മിനിസ്ട്രേറ്റീവ് അസി. അനില്‍ കുമാറിന്റെ വെള്പ്പെടുത്തല്. സംഭവം വിവാദമായതോടെ പ്രതികാര നടപടിയുമായി ആശുപത്രിയും നഗരസഭയും രംഗത്തെത്തി. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പുറത്തുകൊണ്ടുവന്ന താത്കാലിക ജീവനക്കാരി രഹനയെ പുറത്താക്കി. ഇനി ജോലിക്ക് വരേണ്ടെന്ന് രഹനയോട് മുനിസിപ്പല്‍ സെക്രട്ടറി വിളിച്ചറിയിച്ചന്ന് രഹന പ്രതികരിച്ചു.
സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കുക മാത്രമാണ് ചെയ്തതെന്ന് അനില്‍ കുമാര്‍ ആവര്‍ത്തിച്ചു. ഡോ.ഗണേഷ് മോഹന്‍ മുന്‍പും വ്യാജ രേഖകള്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ടെന്നും വിവാദമായപ്പോള്‍ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനാണ് ഗണേഷ് മോഹന്റെ ശ്രമമെന്നും അനില്‍ കുമാര്‍ പറഞ്ഞു.
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു . ജീവനക്കാരി രഹ്ന നല്കിയ പരാതിയിലാണ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറിനെതിരെ കേസെടുത്തത്. ഡെസ്കില്‍ ഫയല്‍ കൊണ്ടുവന്ന് വച്ചത് അനില്‍ കുമാര്‍ ആണെന്നും എല്ലാം സൂപ്രണ്ട് പറഞ്ഞിട്ടാണെന്ന് കരുതുന്നു എന്നും രഹ്ന പറഞ്ഞിരുന്നു.