വയനാടിന്റെ എക്കാലത്തെയും സ്വപ്നമായ ഡിഎം വിംസ് മെഡിക്കല്‍ കോളേജിനും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി ചെലവഴിച്ച തുകയില്‍ 250 കോടി രൂപ കേരള സര്‍ക്കാരിന് സംഭാവന ചെയ്യുമെന്ന് ഡോ. ആസാദ് മൂപ്പന്റെ കുടുംബം. മെഡിക്കല്‍, നഴ്സിംഗ്, ഫാര്‍മസി കോളേജുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഏറ്റെടുക്കുന്നതിലൂടെ പിന്നോക്ക ജില്ലയായ വയനാടിന്റെ ആരോഗ്യ സംരക്ഷണവും മെഡിക്കല്‍ വിദ്യാഭ്യാസവും മെച്ചപ്പെടുത്താന്‍ പ്രാദേശിക സര്‍ക്കാരിനെ പിന്തുണയ്ക്കുക എന്നതാണ് ഈ നിര്‍ദ്ദേശത്തിന്റെ ലക്ഷ്യം. വിദഗ്ദ്ധ സമിതി പഠനം നടത്തിയ ശേഷം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊളളും. ജില്ലയ്ക്ക് സ്വന്തമായി മെഡിക്കല്‍ കോളേജ് ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ അനുദിനം ഇരട്ടിക്കുന്നതിനിടയിലാണ് ഡിഎം എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി ഡോ ആസാദ് മൂപ്പന് ഡിഎം വിംസ് സര്‍ക്കാരിന് നല്കാന് സന്നദ്ധനാണെന്ന് അറിയിച്ചത്. നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് ഉത്തരവിറക്കി. മൂന്നാഴ്ചക്കകം സമിതി പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.
പഠന റിപ്പോര്‍ട്ട് അനുകൂലമെങ്കില്‍ ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജായ ഡിഎം വിംസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുളള വിദഗ്ദ്ധ സമിതിയാണ് പഠനം നടത്തുക. 10 ലക്ഷത്തോളം ജനസംഖ്യയുളള ജില്ലയില്‍, പ്രധാനമായും ആദിവാസി ഗോത്രവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും, താഴ്ന്ന വരുമാനക്കാര്‍ക്കും, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കാനുളള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഡിഎം വിംസ് ഡോക്ടര്‍ മൂപ്പന് സ്ഥാപിച്ചിട്ടുളളത്.സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി 3 ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം, ഇതു സംബന്ധിച്ച അന്തിമ നിബന്ധനകളും വ്യവസ്ഥകളും രൂപപ്പെടുത്തും. ഡിഎം വിംസ് മെഡിക്കല്‍ കോളേജും, നഴ്സിങ്ങ്, ഫാര്‍മസി കോളേജുകളും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരള സര്‍ക്കാറിന് കൈമാറുന്ന കാര്യം പരിഗണിക്കുന്ന ഡിഎം എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന് (ഡിഎംഇആര്‍എഫ്), കൈമാറ്റം ചെയ്യുന്നതിനുളള നിബന്ധനകളും, വ്യവസ്ഥകളും അംഗീകരിക്കുന്നതിന് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.
സര്‍ക്കാര്‍ മേഖലക്ക് കീഴില്‍ നൂതന ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ പ്രാദേശിക ലഭ്യതക്കുറവ് മൂലം അവിടുത്തെ ജനത നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഈ കാലഘട്ടത്തിന്റെ ആവശ്യകതയായി ഒരു പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള കഴിഞ്ഞ 7-8 വര്‍ഷമായുളള സര്‍ക്കാര്‍ ആലോചനയ്ക്കുള്ള പ്രതികരണമായാണ് ഈ തീരുമാനം. ഇതിനോടകം തന്നെ എംബിബിസ് ബിരുദധാരികളുടെ രണ്ട് ബാച്ചുകള്‍ വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഈ സ്ഥാപനം ഡിഎംഇആര്‍എഫ് കൈമാറുമ്പോള്‍ അത് സര്‍ക്കാറിന്റെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതുമാവും. രാജ്യത്തെ എന്‍.എ.ബി.എച്ച് അക്രഡിറ്റേഷനുളള ചുരുക്കം മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണ് ഡിഎം വിംസ്.ജില്ലയിലെ പിന്നോക്ക സമൂഹത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 10 വര്‍ഷം മുന്‍പാണ് ഡിഎംഇആര്‍എഫ് ട്രസ്റ്റ, ഡിഎം വിംസ് മെഡിക്കല്‍ കോളജും വയനാട്ടിലെ അനുബന്ധ സ്ഥാപനങ്ങളും സ്ഥാപിച്ചത്.
ചാരിറ്റബിള്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജില്‍ 150 സീറ്റുകളാണുളളത്. കുഹാസ് പരീക്ഷകളില്‍ മികച്ച ഫലങ്ങള്‍ നേടി, ഇതിനോടകം തന്നെ രണ്ട് ബാച്ച് ഡോക്ടര്‍മാര്‍ സ്ഥാപനത്തില്‍ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. മൊത്തം 14 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സ്ഥാപനങ്ങളില്‍, പ്രാദേശിക സമൂഹത്തെ പരിപാലിക്കുന്നതും, ആരോഗ്യപരിപാലന വിദഗ്ധരെ പരിശീലിപ്പിക്കാന്‍ സഹായിക്കു ന്നതിനുമായി 700 ബെഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും, 100 കിടക്കകളുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റലും, ഒരു ഫാര്‍മസി കോളേജ്, ഒരു നഴ്സിംഗ് കോളേജ് എന്നിവയും ഉള്‍പ്പെടുന്നു.


