വാക്സിനേഷന് വേഗത്തിലാക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ കമ്പനിയുടെ വാക്സിന് ഡോസുകള്‍ ബുക്ക് ചെയ്ത് കേന്ദ്രസര്‍ക്കാര്‍. ക്ലിനിക്കല്‍ പരീക്ഷണത്തിലുള്ള വാക്സിന്റെ 30 കോടി ഡോസാണ് സര്‍ക്കാര്‍ മുന്‍കൂര്‍ ബുക്കിങ് നടത്തിയത്. ഇതിനായി കമ്പനിക്ക് 1500 കോടി രൂപ ആരോഗ്യമന്ത്രാലയം കൈമാറി.
രാജ്യത്ത് തദ്ദേശീയമായി വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്സിനാണ് ബയോളജിക്കല്‍ ഇയുടേത്. ഭാരത് ബയോടെകിന്റെ കൊവാക്സിനാണ് ആദ്യത്തേത്. ആഗസ്റ്റ്- ഡിസംബര്‍ മാസങ്ങള്‍ക്കുള്ളില്‍ ഡോസുകള്‍ ലഭ്യമാകും എന്നാണ് മന്ത്രാലയം പറയുന്നത്.
കേന്ദ്രസര്‍ക്കാറിന്റെ വാക്സിനേഷന് നയത്തിനെതിരെ രാജ്യവ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടെയാണ് കൂടുതല്‍ ഡോസുകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൂര്‍ പണം നല്‍കുന്നത്. കഴിഞ്ഞ ദിവസം സുപ്രിംകോടതിയും വാക്സിന് നയത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തങ്ങള്‍ മൂകസാക്ഷിയായിരിക്കില്ല എന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്.
ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലാണ് ഇപ്പോള്‍ ബയോളജിക്കല്‍ ഇയുടെ വാക്സിനുള്ളത്. പരീക്ഷണത്തിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങള്‍ വിജയകരമായിരുന്നു. കൊവാക്സിന് പുറമേ, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ്, റഷ്യയുടെ സ്പുട്നിക് ഫൈവ് എന്നിവയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്സിനുകള്‍.


