തിരുവനന്തപുരം: പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ കൂടി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഡോ. ആയിഷ എസ് ഗോവിന്ദ്, ഡോ. വിന്‍സ എസ് വിന്‍സന്റ് എന്നിവര്‍ക്കെതിരെയാണ് നടപടി. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരാണിവര്‍. ഇരുവരും കൈക്കൂലി വാങ്ങിയാണ് പരിശോധന നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയതെന്നും ആരോപണമുണ്ട്.
സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജനറല്‍ ആശുപത്രിയിലെ ആര്.എം.ഒ.യുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിന് പിന്നാലെയാണ് രണ്ട് പേരെക്കൂടി സസ്പെന്‍ഡ് ചെയ്തത്.
പണം നല്കിയാല് ഒരു പരിശോധനയും ഇല്ലാതെയാണ് ഈ ഡോക്ടര്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയിരുന്നത്. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന ഹെല്‍ത്ത് കാര്‍ഡുമായി എത്തുന്ന ജീവനക്കാര്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നാണ് പുതിയ വ്യവസ്ഥ.


