വൈദ്യശാസ്ത്രത്തിലെ ചില വാസ്തവങ്ങൾ ചൂണ്ടിക്കാട്ടിയതിനു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഡോക്ടർ സുൽഫി നൂഹുന് എതിരെ വ്യക്തിഹത്യ നടത്തി കൊണ്ടുള്ള ഓൺലൈൻ മാധ്യമത്തിൻറെ പ്രവർത്തനത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ശക്തിയായി അപലപിക്കുന്നു. ഡോക്ടർ സമൂഹത്തെ ആകെ പഴി ചാരിക്കൊണ്ടുള്ള പോസ്റ്റിനു എഴുതിയ മറുപടിയെ ഇത്തരത്തിൽ വ്യാഖ്യാനിക്കുന്നത് സ്വാർത്ഥ താല്പര്യങ്ങൾക്ക് ആണെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ എബ്രഹാം വർഗീസ് സംസ്ഥാന സെക്രട്ടറി ഡോ ഗോപികുമാർ എന്നവർ ഒരു പ്രസ്താവനയിൽ അറിയിച്ചു.
ജീവൻ രക്ഷിക്കുവാനുളള അവസാനത്തെ ആയുധങ്ങളിൽ ഒന്നായ സിപിആർ, അഥവാ കാർഡിയോ പൾമനറി റെസിസിടെഷൻ നടത്തുമ്പോൾ എല്ലുകളിൽ പൊട്ടൽ ഉണ്ടാകാവുന്നതാണ്. നിരവധി ആൾക്കാരുടെ ജീവൻ രക്ഷിക്കുവാൻ ഈ പ്രക്രിയയിലൂടെ കഴിഞ്ഞിട്ടുണ്ട്. ഡോക്ടർമാരും ഇതിനെക്കുറിച്ച് അവബോധമുള്ള,പരിശീലനം ലഭിച്ച എല്ലാവരും സർവ്വ സാധാരണയായി ഉപയോഗിക്കുന്ന ഒരു ജീവൻ രക്ഷാ ചികിത്സാ മാർഗം.
ഇതിനിടയിൽ എല്ലുകൾ പൊട്ടിപ്പോകുന്നത് സംഭവൃമാണെന്ന് ചൂണ്ടിക്കാട്ടിയതിനാണ് പ്രസ്തുത ഡോക്ടർക്കെതിരെ അപവാദ പ്രചരണം നടത്തുന്നത് . ഇത്തരം പ്രവർത്തനങ്ങൾ ഡോക്ടർമാരുടെ മനോവീര്യം നഷ്ടപ്പെടുന്നതിനു മാത്രമേ ഇടയാക്കൂ എന്ന് അവർ ചൂണ്ടിക്കാട്ടി. സിപിആർ എന്ന പ്രക്രിയയെക്കുറിച്ച് പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും അവബോധം ഉണ്ടാക്കുവാനുള്ള പരിശീലന പരിപാടികൾ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുവാൻ ഐഎംഎ തീരുമാനമെടുത്തു.


