തിരുവനന്തപുരം: വജ്രജൂബിലി ആഘോഷം അഞ്ചുമാസം പിന്നിടുമ്പോള്‍ ഗവ. ഡെന്റല്‍ കോളേജിന് വികസനപ്രവര്‍ത്തനങ്ങളുടെ തിളക്കമേറി. 5250 ചതുരശ്ര മീറ്ററില്‍ അഞ്ചു നിലകളിലായി പുതിയ മന്ദിരവും സര്‍ക്കാര്‍ മേഖലയിലെ രാജ്യത്തെ ആദ്യ ഡെന്റല്‍ ലബോറട്ടറിയും നവീന ഉപകരണങ്ങളും ജെറിയാട്രിക് ക്ലിനിക്കുമെല്ലാം യാഥാര്‍ത്ഥ്യത്തിലേക്കടുക്കുകയാണ്.
- ഡെന്റല്‍ കോളേജ്
20 കോടി ചെലവിലുള്ള പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു. അഞ്ചുനിലകളുള്ള മന്ദിരം വജ്രജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും. അത്യാധുനിക സജ്ജീകരണങ്ങളുള്ള ഓപ്പറേഷന് തീയേറ്ററും 20 കിടക്കകളുള്ള വാര്‍ഡും ഇവിടെയുണ്ട്. സ്വന്തമായൊരു ഓപ്പറേഷന് തീയേറ്റര്‍ ഡെന്റല്‍ കോളേജിന്റെ ചിരകാല സ്വപ്നമാണ്. സര്‍ക്കാര്‍ മേഖലയിലെ രാജ്യത്തെ ആദ്യ ഡെന്റല്‍ ലബോറട്ടറി പുലയനാര്‍കോട്ടയില്‍ പൂര്‍ത്തിയായി. വജ്രജൂബിലി ആഘോഷവേളയില്‍ ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചറുടെ അകമഴിഞ്ഞ സഹായവും ഇടപെടലും കൊണ്ട് നിശ്ചിതസമയത്തിനുള്ളില്‍ തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ലാബിലേക്ക് വേണ്ട എല്ലാ ആധുനിക ഉപകരണങ്ങളും ലഭ്യമാക്കുകയും ചെയ്തു.
ഡെന്റല്‍ ലബോറട്ടറിയ്ക്കായി സര്‍ക്കാര്‍ പ്രഥമ പരിഗണന നല്കി പ്രത്യേക ഫണ്ട് ലഭ്യമാക്കിയതുകൊണ്ട് മാത്രമാണ് ഈ സ്ഥാപനം അതിവേഗം പൂര്‍ത്തിയായത്. നിലവില്‍ ഡെന്റല്‍ ചികിത്സാരംഗവുമായി ബന്ധപ്പെട്ട ക്രൗണ്‍, ബ്രിഡ്ജ്, ഇന്ലെ, ഓണ്‍ലെ തുടങ്ങിയ ലാബ് വര്‍ക്കുകള്‍ പൂര്‍ണമായും സ്വകാര്യ ലാബുകളെ ആശ്രയിച്ചാണ് നടത്തിവരുന്നത്. ലാബിന്റെ പ്രവര്‍ത്തനം പഠന-ഗവേഷണ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഗുണപ്രദവും രോഗികള്‍ക്ക് ആശ്വാസമേകുന്നതുമാണ്. ഒരുവര്‍ഷം നീളുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിന് സഹകരണ-ടൂറിസം-ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നുള്ള ഓരോ ഘട്ടത്തിലും ആരോഗ്യമന്ത്രിയ്ക്കൊപ്പം മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ രാജന് ഖോബ്രഗഡെ, ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ അനീറ്റാ ബാലന്, വൈസ് പ്രിന്‍സിപ്പല്‍ ഹര്‍ഷകുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ നിരന്തരം വിലയിരുത്തുകയും തടസങ്ങളില്ലാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ മുന്നോട്ടുനയിക്കാന്‍ വഴിയൊരുക്കുകയും ചെയ്തു.
- ഒരു കോടി രൂപ ചെലവഴിച്ച് വാങ്ങിയ കോണ്‍-ബീം- സി ടി എന്ന ചികിത്സാ ഉപകരണം
ആധുനിക സാങ്കേതികവിദ്യയിലുള്ള ചികിത്സാ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കോണ്‍-ബീം- സി ടി എന്ന ചികിത്സാ ഉപകരണം ഒ എം ആര് വിഭാഗത്തില്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഒരുകോടി അനുവദിച്ചത് വജ്രജൂബിലി ആഘോഷത്തിന്റെ തിളക്കം വര്‍ദ്ധിപ്പിച്ചു. സഞ്ചരിക്കുന്ന ദന്താശുപത്രിയുടെ സേവനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് തുടര്‍ വിദ്യാഭ്യാസ പരിപാടി, വിദ്യാര്‍ത്ഥി സംഗമം എന്നിവയെല്ലാം വജ്രജൂബിലിയോടനുബന്ധിച്ച് നടന്നുവരുന്നു.