തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി സൗജന്യമായി നല്കുന്ന ഓണക്കിറ്റിൻ്റെ വിതരണം ഇന്ന് തുടങ്ങും. വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വ. ജി.ആര്. അനില്‍ രാവിലെ 8.30നു തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ 146-ാം നമ്പര്‍ റേഷന്‍കടയില്‍ നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി ആന്റണി രാജു പങ്കെടുക്കും. 15 ഇനം സാധനങ്ങളാണ് ഓണക്കിറ്റിലുണ്ടാകുക. അടുത്ത പതിനാറിനു വിതരണം പൂര്‍ത്തിയാകും.
ഇന്നു മുതല്‍ അടുത്ത രണ്ടു വരെ മഞ്ഞ കാര്‍ഡ് (എ.എ.വൈ) ഉടമകള്‍ക്കും നാലു മുതല്‍ ഏഴു വരെ പിങ്ക് കാര്‍ഡ് (പി.എച്ച്.എച്ച്) ഉടമകള്‍ക്കും ഒന്‍പതു മുതല്‍ 12 വരെ നീല കാര്‍ഡ് (എന്‍.പി.എസ്) ഉടമകള്‍ക്കും 13 മുതല്‍ 16 വരെ വെള്ള കാര്‍ഡ് (എ.പി.എന്‍.എസ്) ഉടമകള്‍ക്കും കിറ്റ് ലഭിക്കും.
ഓണകിറ്റിൽ 15 ഭക്ഷ്യ വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ വകുപ്പിൻ്റെ നേതൃത്വത്തില്‍ ആണ് വിതരണം. കിറ്റ് തയാറാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ 500 എം.എല്‍, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ്, തേയില, മുളക്/മുളകുപൊടി, മഞ്ഞള്‍, സേമിയ/പാലട/ഉണക്കലരി , കശുവണ്ടിപ്പരിപ്പ്, ഏലയ്ക്ക, നെയ്യ്, ശര്‍ക്കരവരട്ടി/ഉപ്പേരി, ആട്ട, പൊടിയുപ്പ്, ശബരി ബാത്ത് സോപ്പ്, എന്നിവയാണ് കിറ്റിൽ ഉൾപെടുത്തിരിക്കുന്നത്.


