തിരുവനന്തപുരം: ഭക്ഷണം മോശമായാല്‍ ഇനി ചിത്രം സഹിതം പരാതി നല്കാന് സംവിധാനവുമായി സര്‍ക്കാര്‍. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരാതി പോര്‍ട്ടലിലൂടെയാണ് ഈ സംവിധാനം. ഗ്രീവന്‍സ് പോര്‍ട്ടലാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
മായംകലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍, വൃത്തിഹീനമായ ചുറ്റുപാട്, പഴകിയ ഭക്ഷണം തുടങ്ങിയ പരാതികളെല്ലാം പോര്‍ട്ടലിലൂടെ അറിയിക്കാം. പോര്‍ട്ടലിലൂടെ ജനങ്ങള്‍ക്ക് പരാതി നല്‍കാനും തുടര്‍ന്ന് പരാതിയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയാനും ജനങ്ങള്‍ക്ക് സാധിക്കും. ഏത് സ്ഥാപനത്തെ കുറിച്ചാണോ പരാതിയുളളത് ആ സ്ഥാപനത്തിന്റെ വീഡിയോയും ചിത്രങ്ങളും ഉള്‍പ്പെടെ പരാതിപ്പെടാന്‍ ജനങ്ങള്‍ക്ക് സാധിക്കും. ഇതിനു വേണ്ടിയുളള മൊബൈല്‍ ആപ്പ് ഉടന്‍ തന്നെ പ്രവര്‍ത്തനസജ്ജമാകുമെന്ന് പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഗ്രീവന്‍സ് പോര്‍ട്ടല്‍ എങ്ങനെ ഉപയോഗിക്കാം
ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ https://www.etaright.foodsaftey.kerala.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പോര്‍ട്ടലിലേക്ക് പ്രവേശിക്കാം. തുടര്‍ന്ന് റിപ്പോര്‍ട്ട് കംപ്ലെയ്ന്റ്, മൈ കംപ്ലെയ്ന്റ്സ് എന്നീ രണ്ട് ഐക്കണുകള്‍ ആപ്പില്‍ കാണാം. റിപ്പോര്‍ട്ട് കംപ്ലെയ്ന്റിലെ രജിസ്റ്റര്‍ ഓപ്ഷന് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് മൊബൈല്‍നമ്പര്‍ നല്കുമ്പോള് ഒടിപി ലഭിക്കും. പേരും ഒടിപിയും നല്‍കുക. ജില്ല, സര്‍ക്കിള്‍, സ്ഥാപനത്തിന്റെ പേര്, ലൊക്കേഷന്‍, ലാന്‍ഡ്മാര്‍ക്ക്, പരാതി, വിശദാംശങ്ങള്‍ എന്നിവ നല്‍കുക. പിന്നീട് ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്യാവുന്നതാണ്. നോ ഐക്കണ്‍ എന്ന ഓപ്ഷനും പോര്‍ട്ടലില്‍ ലഭ്യമാണ്. പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലെങ്കില്‍ നോ ഐക്കണ്‍ ക്ലിക്ക് ചെയ്യാം. സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പരാതി രജിസ്റ്റര്‍ ആവുന്നതാണ്. പരാതിയില്‍ സ്വീകരിച്ച നടപടികള്‍ ഹോംപേജിലെ മൈ കംപ്ലെയ്ന്റ്സിലൂടെ അറിയാന്‍ സാധിക്കും.


