മൂവാറ്റുപുഴ: കനത്തമഴയെ തുടര്‍ന്ന് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊച്ചങ്ങാടി, എട്ടങ്ങാടി, ഇലാഹിയനഗര്, പെരുമറ്റം കോള്മാരി എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്.
മൂവാറ്റുപുഴയില്‍ നഗരസഭ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂന്ന് ക്യാമ്പുകളാണ് രാവിലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചത്. കടാതി എന്‍എസ്എസ് കരയോഗം, വാഴപ്പിള്ളി ജെ.ബി സ്കൂള്‍, ടൗണ്‍ യു.പി സ്കൂള്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. ഇലാഹിയ കോളനി, കാളച്ചന്ത, ആനിക്കാകുടി കോളനി എന്നീ പ്രദേശങ്ങളിലെ പത്തോളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നവരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള എല്ലാ സൗകര്യവും മൂവാറ്റുപുഴ നഗരസഭ ചെയ്തിട്ടുണ്ട്. ക്യാമ്പിലെത്തുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം, മരുന്ന്, മറ്റ് ആവശ്യ സാധനങ്ങള്‍ എന്നിവ എത്തിച്ച് നല്‍കുന്നുണ്ടെന്നും, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ നഗരസഭ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും, ആശങ്കപ്പെടാനുള്ള സാഹചര്യം നിലിവിലില്ലെന്നും നഗരസഭ ചെയര്മാന് പി.പി എല്‍ദോസ് പറഞ്ഞു. ക്യാമ്പില്‍ എത്തുന്നവര്‍ക്ക് എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള പ്രതിരോധ മരുന്നുകളും സജ്ജമാക്കിയിട്ടുണ്ട്.


