വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമേഖലയില്‍ നാളെ മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന മേപ്പാടി ഹൈസ്കൂളിൽ ഉൾപ്പെടെ നാളെ ക്ലാസുകൾ ആരംഭിക്കും. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ജിവിഎച്ച്എസ്എസ്, മുണ്ടക്കൈ എല്‍പി സ്കൂൾ എന്നിവ പുനക്രമീകരിക്കാൻ ഉള്ള നടപടികൾ അവസാന ഘട്ടത്തിൽ ആണ്. മേപ്പാടി ജിഎച്ച്എസ്എസിലാണ് വെള്ളാർമല സ്കൂൾ ഒരുക്കുന്നത്. മേപ്പാടി പഞ്ചായത്ത് ഹാളിലായിരിക്കും മുണ്ടക്കൈ ജിഎല്‍പി സ്കൂള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുക.
മേപ്പാടിയിൽ താൽക്കാലിക സംവിധാനം ഒരുക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ജില്ലാ പഞ്ചായത്താണ് മേപ്പാടി ഹൈസ്കൂളിൽ ക്രമീകരണങ്ങൾ വേഗത്തിലാക്കുന്നത്.
മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് സ്കൂളുകൾ പുനഃക്രമീകരിക്കേണ്ടതുണ്ട്. മുണ്ടക്കൈ എൽ പി സ്കൂൾ, മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ എപിജെ ഹാളിലാണ് താല്‍ക്കാലികമായി ഒരുക്കുന്നത്. നാല് ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, ചെറിയ കുട്ടികൾ ആയതിനാൽ സുരക്ഷ കൈവരികൾ എന്നിവ ഉള്‍പ്പെടെ ആവശ്യമാണ്.