സംസ്ഥാനത്ത് കനത്ത മഴയ്ക്ക് മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ പരക്കെ മഴയെന്നും മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്തെ ജലസംഭരണികള്‍ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വിദഗ്ധ സമിതി കൈക്കൊള്ളും. ഡാമുകള്‍ തുറക്കുന്നതിന് മൂന്നുമണിക്കൂര്‍ മുന്‍പ് ജില്ലാ കലക്ടര്‍മാരെ വിവരം അറിയിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായി ഒഴിപ്പിക്കാന്‍ യോഗം നിര്‍ദേശം നല്കി.
ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, കുണ്ടള, ഇരട്ടയാര്‍, തൃശൂര്‍ ജില്ലയിലെ ഷോളയാര്‍ പൊരിങ്ങല്‍കുത്ത്, പത്തനംതിട്ടയിലെ കക്കി ആനത്തോട്, മൂഴിയാര്‍, സംഭരണികളിലാണ് റെഡ് അലര്‍ട്ടുള്ളത്. ഇടുക്കി സംഭരണിയില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. എത്ര സംഭരണികള്‍ എത്ര അളവില്‍ തുറക്കണം എന്ന തീരുമാനം വിദഗ്ധസമിതി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. വെള്ളം ഒഴുക്കി വിടുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പ് ജില്ലാ കലക്ടര്‍മാരെ വിവരം അറിയിക്കും.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്ക്കാന് പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്.
വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ പൊതു ഇടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലെക്ട്രിക്ക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോള്‍ ഇതിന്റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ അരുത്.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി (1077 എന്ന നംബറില്‍) മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.
തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച് കൊണ്ട് റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളില്‍ മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കേണ്ടതാണ്.
കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്ട്രോള് റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്ട്രോള് റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെഎസ്ഇബി ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യാതിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.


