മുവാറ്റുപുഴ: ജില്ലയില്‍ തുടരുന്ന ശക്തമായ മഴയില്‍ മുവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കോതമംഗലം- കോട്ടപ്പടി റോഡില്‍ മുണ്ടുപാലം ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കോതമംഗലം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി.
തൃക്കാരിയൂര്‍ വില്ലേജില്‍ ജവഹര്‍ കോളനിയിലെ വീടുകളിലേക്ക് വെള്ളം കയറുമെന്ന സഥിതി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ഇവര്‍ക്കായി കോതമംഗലം ടൗണ്‍ യു.പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കി.
തഹസില്‍ദാര്‍ വില്ലേജ് ഓഫീസര്‍ അടങ്ങുന്ന റവന്യു സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.
ആളുകളെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുവാറ്റുപുഴയാറിലെ ജലനിരപ്പ് നിലവില്‍ 9.815 മീറ്റര്‍ ആണ്. പറവൂര്‍, കുന്നത്തുനാട്, ആലുവ, മുവാറ്റുപുഴ, കണയന്നൂര്‍, കൊച്ചി താലൂക്കുകളിലും കനത്ത മഴ തുടരുകയാണ്. നിലവില്‍ വെള്ളപ്പൊക്ക ഭീഷണിയില്ല.