കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യത. മുന്നറിയിപ്പിന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാത ചുഴിയാണ് മഴയ്ക്ക് കാരണം. ഇത് ഞായറാഴ്ച്ചയോടെ ന്യൂനമര്‍ദമായി മാറിയേക്കും.
ആറ് ഡാമുകളിലെ റെഡ് അലേര്‍ട്ട് തുടരുകയാണ്. പൊന്മുടി, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍, മൂഴിയാര്‍, കുണ്ടള ഡാമുകളിലാണ് റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നത്. പെരിങ്ങള്കൂത്ത് ഡാമില്‍ ഓറഞ്ച് അലേര്‍ട്ടാണ്.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കും. ജലനിരപ്പ് 136 അടിയിലെത്തിയ സാഹചര്യത്തിലാണ് ഇത്. റൂള്‍ കര്‍വിലെത്താന്‍ ഒരടി മാത്രമാണ് ബാക്കിയുള്ളത്. തമിഴ്നാട് ആദ്യ അറിയിപ്പ് കേരളത്തിന് നല്കി. വൃഷ്ടി പ്രദേശത്ത് മഴ കൂടിയതിനാല്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ അണക്കെട്ടിലെ ജലനിരപ്പ് കൂടുകയായിരുന്നു.
ഇതിനിടെ കനത്ത മഴയില്‍ തമിഴ്നാട് ഷോളയാറില്‍ നിന്നുള്ള ജലത്തിന്റെ ഒഴുക്ക് കൂടിയതിനാല്‍ കേരള ഷോളയാറിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന പശ്ചാത്തലത്തില്‍ ചാലക്കുടി പുഴയുടെ തീരത്ത് ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി. ചാലക്കുടി പുഴയുടെ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിങ്ങല്‍കുത്ത് ഡാമിന് പുറമേ കേരള ഷോളയാര്‍ കൂടി തുറന്നതോടെ ജലനിരപ്പ് പത്തുസെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.
മഴ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. 9 ജില്ലകളില്‍ സമ്പൂര്‍ണ അവധിയും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ താലൂക്ക് അടിസ്ഥാനത്തിലുമാണ് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ അവധിയില്ല.


