പത്തനംതിട്ട: കനത്ത മഴയില്‍ മണിമലയാര്‍ കരകവിഞ്ഞതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ നിരവധി വീടുകളും വഴികളും വെള്ളത്തില്‍മുങ്ങി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലും വെള്ളംകയറി.
മണിമലയാറില്‍ ജലനിരപ്പ് അപകടകരമായ നിരപ്പിലേക്ക് ഉയര്‍ന്നതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ 17, 18 വാര്‍ഡുകളില്‍ നൂറിലധികം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. തുടര്‍ന്ന് നാട്ടുകാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റും മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. മല്ലപ്പള്ളി സെയ്ന്റ് മേരീസ്, സി.എം.എസ്. വെണ്ണിക്കുളം എസ്.ബി. സ്കൂളുകളില്‍ ക്യാമ്പുകള്‍ തുറന്നതായി റവന്യൂവകുപ്പ് അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലസംഭരണികളൊന്നും നിറയുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്ന് വലിയ ആശ്വാസമാണ്. പമ്പ, മണിമല നദികളില്‍ കിഴക്കന്‍ വെള്ളം എത്തിയതോടെ അപ്പര്‍കുട്ടനാട്ടില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതിനാല്‍ അച്ചന്‍കോവിലാറ്റില്‍ മൂന്നടി ജലനിരപ്പ് ഉയര്‍ന്നതായാണ് വിവരം. അടിക്കടിയുള്ള വെള്ളപ്പൊക്കം കണക്കിലെടുത്ത് പന്തളം നഗരസഭ വള്ളങ്ങള്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്.
മണിമലയാറ്റിലെ ജലനിരപ്പ് അപകടനിലയില്‍നിന്ന് 1.6 മീറ്റര്‍ ഉയര്‍ന്നതായി കേന്ദ്ര ജല കമ്മിഷന് അറിയിച്ചിരുന്നു. കല്ലൂപ്പാറ നിരീക്ഷണ കേന്ദ്രത്തില്‍ ചൊവ്വാഴ്ച രാത്രി ഒന്‍പതിന് രേഖപ്പെടുത്തിയ അളവ് 7.60 മീറ്ററാണ്. ആറ് മീറ്ററാണ് അപകടസൂചന നല്‍കാറുള്ള ഉയരം.