കോട്ടയം: കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഇരുപുഴകളുടേയും കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി അറിയിച്ചു. കോട്ടയം ജില്ലയില്‍ കനത്ത മഴയാണ് രാത്രിയില്‍ രേഖപ്പെടുത്തിയത്. എംസി റോഡിലെ വെള്ളകെട്ടില്‍ പലയിടത്തും കടകളില്‍ വെള്ളംകയറി.
രാത്രികാലങ്ങളിലെ അപകട സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭീഷണിപ്രദേശങ്ങളില്‍ ഉള്ളവരെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി മൂന്നുമണിക്കൂര്‍ നീണ്ട ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും ഉണ്ടായ വെള്ളക്കെട്ട് പുലര്‍ച്ചയോടെ ഒഴിഞ്ഞുതുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വടവാതൂരിലാണ് ഇന്നലെ രാത്രിയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.