തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത. സംസ്ഥാനത്ത് വിവിധ മലയോര മേഖലകളില്‍ അതിശക്തമായ മഴയും മലവെള്ളപ്പാച്ചിലും കാരണം നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കന്‍ കേരളത്തിലെ ജില്ലകൾക്ക് അതീവ ജാഗ്രത നിർദേശം നൽകി. മലപ്പുറത്ത് പുഴകള്‍ കരകവിഞ്ഞതോടെ 15 കുടുംബങ്ങളേയും എട്ട് അന്യ സംസ്ഥാന തൊഴിലാളികളേയും മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയിലെ മലയോര മേഖലകളില്‍ രണ്ടു ദിവസമായി കനത്ത മഴയാണ്. വ്യാപക നാശനഷ്ടവുമുണ്ടായി.
പാലക്കാട് അട്ടപ്പാടിയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അതിശക്തമായ മഴ ആയതിനാൽ ഭവാനിപ്പുഴ കവിഞ്ഞൊഴുകി. കുന്തിപ്പുഴയില്‍ മലവെള്ള പാച്ചിലുണ്ടായി. ചെമ്മണ്ണൂര്‍, താവളം എന്നീ പാലങ്ങള്‍ വെള്ളത്തിനടിയിലാണ്. ചെമ്മണ്ണൂര്‍ പാലത്തിൻ്റെ കൈവരിക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ രാത്രി അതിരപ്പിള്ളി മലക്കപ്പാറ റൂട്ടില്‍ ശാന്തന്‍പാറയില്‍ കലുങ്ക് ഇടിഞ്ഞു. വാഹന ഗതാഗതം നിരോധിച്ചു.


