തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പുതിയ അറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പുതിയതായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ച ഓറഞ്ച് അലര്‍ട്ട് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് നാലു ക്യാമ്പുകളിലായി 87 പേരെ മാറ്റിപാര്‍പ്പിച്ചതായി ലാന്റ് റവന്യു കമ്മീഷണറേറ്റ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചത്. തിരുവനന്തപുരത്ത് 51 പേരെ ക്യാമ്പിലേക്ക് മാറ്റി. കൊല്ലത്ത് 24ഉം ഇടുക്കിയില്‍ നാലും എറണാകുളത്ത് എട്ടും പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
സംസ്ഥാനത്ത് 3071 കെട്ടിടങ്ങള്‍ ക്യാമ്പുകളാക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 4,23,080 പേരെ താമസിപ്പിക്കാന്‍ കഴിയും. കോഴിക്കോട് കസബയില്‍ തൊപ്പയില്‍ ബീച്ചില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് 25 വീടുകളില്‍ വെള്ളം കയറി. ഇവിടെ കഴിഞ്ഞിരുന്നവര്‍ ബന്ധുവീടുകളിലേക്ക് മാറി.