സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ആക്രമണത്തില്‍ നിന്ന് മാറിനില്ക്കാനെന്ന് വിലയിരുത്തല്‍
സോഷ്യല്‍മീഡിയയില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിന്റെ ഔദ്യോഗിക പ്രൊഫൈലുകള്‍ അപ്രത്യക്ഷമായി. ഫേസ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ പാര്‍വതിയുടെ സ്വന്തം പ്രൊഫൈലുകള്‍ ഇപ്പോള്‍ ഇല്ല. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നതായി പാര്‍വതി അറിയിച്ചിരുന്നു.
എന്നാൽ പ്രളയത്തെ തുടര്‍ന്ന് പാര്‍വ്വതി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സജീവമായി. വീണ്ടും ഇപ്പോള്‍ പാര്‍വതിയുടെ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. പാര്‍വതി അന്നു പറഞ്ഞ ബ്രേക്ക് ആയിരിക്കും ഇതെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ നടിയുടെ ഭാഗത്ത് നിന്ന ഒരു വിശദീകരണവും വന്നിട്ടില്ല.
പല കാരണങ്ങളുടെ പേരില്‍ സോഷ്യല്‍മീഡിയ വഴി വളരെയേറെ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും കേള്‍ക്കേണ്ടി വന്ന വ്യക്തിയാണ് പാര്‍വതി. അശ്ലീലവും അസഭ്യവും നിറഞ്ഞ കമന്റുകള്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിറയുന്നതായി പാര്‍വതി പലപ്പോഴും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ അക്കൗണ്ടുകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്ത് വിര്‍ച്ച്വല്‍ ലോകത്തു നിന്ന് പൂര്‍ണമായും അപ്രത്യക്ഷയായിരിക്കുന്നു, പാര്‍വതി.


