ഡൽഹി: അനുമതിയില്ലാതെ തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങൾ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉപയോഗിക്കുന്നത് തടയണമന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത് വാര്ത്തയായിരുന്നു. വ്യക്തിത്വ അവകാശങ്ങൾ (Personality Rights) സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടതാണ് കേസ്. ഹരജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ജ്യോതി സിങ് അധ്യക്ഷയായ ബെഞ്ചാണ് ഈ ഹരജി പരിഗണിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് ശബ്ദം അനുകരിക്കുന്നതോ (Voice Cloning), ഡീപ് ഫേക്ക് വഴി വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമിച്ച് പ്രചരിപ്പിക്കുന്നതോ തടയണം, കമ്പനികളും സ്ഥാപനങ്ങളും അവരുടെ ബിസിനസ് ആവശ്യങ്ങൾക്കായി ചിത്രങ്ങളും രൂപവും ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.സമാനമായ രീതിയിൽ മുൻപ് പല പ്രമുഖ താരങ്ങളും വ്യക്തിത്വ അവകാശങ്ങൾക്കായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിട്ടുണ്ട്. അമിതാഭ് ബച്ചൻ, അനിൽ കപൂർ, രജനീകാന്ത്, അഭിഷേക് ബച്ചൻ, ഐശ്വര്യ റായി, സൽമാൻ ഖാൻ, ജയ ബച്ചൻ, ഹൃതിക് റോഷൻ,റിഷബ് ഷെട്ടി, അക്കിനേനി നാഗാര്ജുന, സൊനാക്ഷി സിൻഹ തുടങ്ങിയ താരങ്ങൾ മുൻപ് ഇത്തരത്തിൽ സംരക്ഷണം നേടിയിട്ടുള്ളവരാണ്.
വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്നത് ഐടി നിയമപ്രകാരം കുറ്റകരമാണ്. മലയാള സിനിമയിൽ നിന്ന് ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിക്കുന്ന ആദ്യത്തെ പ്രമുഖ താരം മോഹൻലാലാണ്.


