രണ്ടുദിവസത്തിനു മുൻപ് റിലീസ് ആയ ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നതായി പരാതി. സിനിമയുടെ മുഴുവൻ പതിപ്പ് ട്രെയിനിൽ ഇരുന്നു കാണുന്ന ഒരു യുവാവിന്റെ വിഡിയോ സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകറാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം ആദ്യദിനത്തിൽ ആഗോളതലത്തിൽ എട്ട് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
‘‘ഇന്നലെ ലോകമെമ്പാടും റിലീസ് ആയ ഗുരുവായൂരമ്പലനടയിൽ ചിത്രത്തിന്റെ വിഡിയോ ആണ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്സ്പ്രസ് ട്രെയിനിൽ ഒരു മഹാൻ ഇരുന്ന് മൊത്തം സിനിമ കാണുന്നത്. ഒരു സുഹൃത്ത് എടുത്ത് ഈ വിഡിയോ എന്റെ കയ്യിൽ കിട്ടുമ്പോൾ അവൻ നമ്മുടെ കയ്യിൽ നിന്നും മിസ്സായി. ഇപ്പോൾ ഏകദേശം ആ ട്രെയിൻ കായംകുളം പാസ് ചെയ്തു കാണും. ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ. അത് തിയറ്ററിൽ എത്തിയിട്ട് മണിക്കൂറുകൾ മാത്രം. പണം മുടക്കുന്ന നിർമാതാവിന് അതിനേക്കാൾ വേദനയും.ഇത് ചെയ്തവനും ഇനി പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുൻപിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതൊരു താക്കീതാണ്.’’–മഞ്ജിത് ദിവാകർ കുറിച്ചു.
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ. ചിത്രം തിയേറ്ററുകളിൽ വിജയിച്ച് മുന്നേറുകയാണ്.


